| Wednesday, 11th July 2018, 2:38 pm

ഇന്ത്യ വാഗ്ദാനങ്ങളില്‍ ഉറച്ചു നില്‍ക്കണം: എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചാല്‍ വിശേഷാധികാരങ്ങള്‍ റദ്ദുചെയ്യുമെന്ന് ഇറാന്റെ താക്കീത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വാഗ്ദാനങ്ങളില്‍ ഉറച്ചു നില്‍ക്കണമെന്ന് ഇന്ത്യയ്ക്ക് ഇറാന്റെ താക്കീത്. ഇറാന്റെ തന്ത്രപ്രധാനമായ ചാഹബാര്‍ തുറമുഖത്തിന്റെ വികസനത്തിനായി നിക്ഷേപം നടത്താമെന്ന വാഗ്ദാനം പാലിക്കണമെന്നും രാജ്യത്തുനിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചാല്‍ ഇന്ത്യയ്ക്കു നല്‍കിയിട്ടുള്ള വിശേഷാധികാരം പിന്‍വലിക്കുമെന്നുമാണ് മുന്നറിയിപ്പ്.

ഇറാനില്‍ നിന്നുള്ള ഇറക്കുമതിയില്‍ കുറവുവരുത്തി പകരം സൗദി അറേബ്യ, റഷ്യ, ഇറാഖ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും എണ്ണ വാങ്ങിക്കാനാണ് പദ്ധതിയെങ്കില്‍ രാജ്യത്തിനു നല്‍കിയിട്ടുള്ള പ്രത്യേക പദവികള്‍ നിര്‍ത്തലാക്കുമെന്ന് ഇറാന്‍ ഡെപ്യൂട്ടി അംബാസിഡര്‍ മസ്സൂദ് റെസ്വാനിയന്‍ റഹാംഗി അറിയിച്ചു.


Also Read: രാമായണം ഹിന്ദുക്കളുടേത് മാത്രമല്ല; അത് മതപാഠം ആക്കാതെ സെക്യുലര്‍ എപ്പിക് ആയി അവതരിപ്പിച്ചില്ലെങ്കില്‍ തിരിച്ചടിയാകും: സച്ചിദാനന്ദന്‍


“ചഹാബര്‍ തുറമുഖത്തിന്റെയും അനുബന്ധ പദ്ധതികളുടെയും വികസനത്തിനായി ഇന്ത്യ മുതല്‍മുടക്കുമെന്ന ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ല. അങ്ങേയറ്റം നിര്‍ഭാഗ്യകരമാണിത്. നയതന്ത്ര പ്രധാനമായ ഒരു നീക്കമാണ് ഇന്ത്യ ഉദ്ദേശിക്കുന്നതെങ്കില്‍ തുറമുഖ വികസനത്തിലെ പങ്കാളിത്തം ഉടന്‍ തന്നെ ഉറപ്പുവരുത്തേണ്ടതുണ്ട്.” റഹാംഗി പറയുന്നു.

ന്യൂദല്‍ഹിയിലേക്കുള്ള സഞ്ചാരമാര്‍ഗ്ഗം പാക്കിസ്ഥാന്‍ തടഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഏഷ്യന്‍ രാജ്യങ്ങളുമായുള്ള വാണിജ്യബന്ധത്തില്‍ പുരോഗതി കൈവരിക്കാനുള്ള സുവര്‍ണാവസരമാണ് ചഹാബര്‍ തുറമുഖം നല്‍കുന്നത്.

തുറമുഖത്തെ പ്രധാന പ്രാദേശിക കേന്ദ്രമാക്കിവച്ചുകൊണ്ട് ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കിടയില്‍ ചരക്കു കടത്തുമാര്‍ഗ്ഗം വികസിപ്പിക്കാനായുള്ള ത്രിരാഷ്ട്ര കരാറില്‍ ഇന്ത്യ 2016ല്‍ ഒപ്പു വെച്ചിരുന്നു.


Also Read: സ്വവര്‍ഗ്ഗാനുരാഗ വിധിയിൽ നിലപാടില്ലാതെ കേന്ദ്ര സര്‍ക്കാര്‍; തീരുമാനം കോടതിക്ക് വിട്ടു


അമേരിക്കയുടെ നിര്‍ദ്ദേശം കൈക്കൊണ്ട് ഇറാന്‍ ഉപരോധത്തില്‍ പങ്കാളിയാവാനുള്ള ഇന്ത്യയുടെ നീക്കത്തെയും റഹാംഗി വിമര്‍ശിച്ചു. ഇറാന്‍ ഇന്ത്യയ്ക്ക് എപ്പോഴും വിശ്വസാമര്‍പ്പിക്കാവുന്ന ഇന്ധനവ്യാപാരിയായിരുന്നെന്നും ഇരു കൂട്ടരുടെയും താല്‍പര്യം സംരക്ഷിക്കുന്ന വിധത്തില്‍ മിതമായ നിരക്കേ തങ്ങള്‍ ഈടാക്കിയിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരു രാജ്യങ്ങളും പരസ്പര സഹകരണത്തില്‍ മുന്നോട്ടു പോകണമെന്നും റഹാംഗി ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more