ന്യൂദല്‍ഹി: ഇന്ത്യ സമാധാനത്തില്‍ വിശ്വസിക്കുന്നെന്നും, എങ്കിലും സമാധാനം നടപ്പില്‍വരാനായി പരമാധികാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രധാനമന്ത്രി മോദി. മന്‍ കി ബാതില്‍ സംസാരിക്കുന്നതിനിടെയാണ് സൈന്യത്തിന്റെ ധീരതയെയും അതിര്‍ത്തി രാജ്യങ്ങളുമായുള്ള സമാധാന ചര്‍ച്ചകളെയും കുറിച്ച് മോദി പരാമര്‍ശിച്ചത്.
രാജ്യത്തെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടി നല്‍കാന്‍ നമ്മുടെ സൈനികര്‍ക്കാകും എന്നത് വ്യക്തമാണ്. നമ്മള്‍ സമാധാനത്തില്‍ വിശ്വസിക്കുന്നു, അതു നിലനിര്‍ത്താന്‍ ബദ്ധശ്രദ്ധരുമാണ്. പക്ഷേ അത് നമ്മുടെ ആത്മാഭിമാനത്തെയും പരമാധികാരത്തെയും പണയപ്പെടുത്തിയല്ല – മോദി പറഞ്ഞു.
പാകിസ്താന്‍ സൈന്യത്തിനുമേല്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ രണ്ടാം വാര്‍ഷിക ദിനത്തിനു തൊട്ടു പിന്നാലെ നടന്ന മന്‍ കി ബാതില്‍, സൈന്യത്തെക്കുറിച്ചും അതിര്‍ത്തി സംരക്ഷണത്തെക്കുറിച്ചുമായിരുന്നു മോദി പ്രധാനമായും സംസാരിച്ചത്.
ലോകസമാധാനത്തിനായി നിലകൊള്ളുന്ന രാജ്യമാണ് ഇന്ത്യയെന്നും ഇന്ത്യയിലെ യുവാക്കള്‍ രാജ്യത്തിന്റെ സൈന്യത്തിന്റെ ധീരതയെക്കുറിച്ച് കൂടുതലറിഞ്ഞിരിക്കണമെന്നും പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. അതിര്‍ത്തിയിലെ തീവ്രവാദപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്ത്യയും പാകിസ്താനും ഐക്യരാഷ്ട്രസഭയില്‍ വാക്‌പോരിലേര്‍പ്പെട്ട് മണിക്കൂറുകള്‍ക്കകമായിരുന്നു മോദിയുടെ പ്രസ്താവന.