ഇന്ത്യയും ശ്രീലങ്കയും ആണവ കരാര്‍ ഒപ്പുവച്ചു
Daily News
ഇന്ത്യയും ശ്രീലങ്കയും ആണവ കരാര്‍ ഒപ്പുവച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th February 2015, 8:18 am

India-Srilankaന്യൂദല്‍ഹി: ഇന്ത്യയും ശ്രീലങ്കയും സിവില്‍ ആണവ കരാര്‍ ഒപ്പുവച്ചു. ആണവ കരാറുള്‍പ്പടെ നാലുകരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പു വെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഉഭയകക്ഷി ബന്ധത്തില്‍ നിര്‍ണായക മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന തീരുമാനങ്ങളുണ്ടായിരിക്കുന്നത്.

സൈനികേതര ആണവ സഹകരണം, സാംസ്‌കാരിക സഹകരണം, നളന്ദ സര്‍വ്വകലാശാല പദ്ധതിയില്‍ പങ്കാളിത്തം, കാര്‍ഷിക സഹകരണം തുടങ്ങിയ കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. ശ്രീലങ്ക ഏതെങ്കിലും രാജ്യവുമായി ആണവ കരാര്‍ ഒപ്പുവയ്ക്കുന്നത് ഇതാദ്യമായാണ്.

അധികാരത്തിലേറിയ ശേഷം നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രപാല സിരിസേന പറഞ്ഞു. അതേസമയം ശ്രീലങ്ക ആദ്യമായി ആണവകരാറില്‍ ഒപ്പുവെക്കുന്നത് ഇന്ത്യയുമായാണ് എന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇരു രാജ്യങ്ങലിലേയും മത്സ്യ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടിയുണ്ടാകും. ഇരുരാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളി കൂട്ടായ്മകളുടെ ചര്‍ച്ചയ്ക്കു വഴിയൊരുക്കുവാനും തീരുമാനമായി. കൂടാതെ പ്രതിരോധ, ഊര്‍ജ, സുരക്ഷാ മേഖലകളില്‍ ബന്ധം ശക്തിപ്പെടുത്താനും മോദിയും സിരിസേനയും തമ്മില്‍ ധാരണയായി.

നാലു ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ സിരിസേന, തിരുപ്പതി ക്ഷേത്രവും ബോധ്ഗയയും സന്ദര്‍ശിച്ചശേഷം നാളെ മടങ്ങും. 15ന് ആണു സിരിസേന എത്തിയത്.