ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം
DSport
ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th March 2012, 12:51 am

ധാക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കു വിജയത്തുടക്കം. മിര്‍പുരിലെ ബംഗാ ബന്ധു നാഷണല്‍ സ്‌റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്നലെ നടന്ന മത്സരം 50 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. കഴിഞ്ഞയാഴ്ച സമാപിച്ച ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ലങ്കയ്ക്ക് ചൊവ്വാഴ്ച ഇന്ത്യയുടെ ഓള്‍റൗണ്ട് പ്രകടനത്തിന് മുന്നില്‍ പിടിച്ചുനില്ക്കാനായില്ല.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലിയുടെയും (108) ഗൗതം ഗംഭീറിന്റെയും (100) സെഞ്ചുറികളുടെ മികവില്‍ 304 റണ്‍സെടുത്തു. 305 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ലങ്കയ്ക്ക് തുടക്കത്തില്‍ ദില്‍ഷനെ(7) നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയും(59 പന്തില്‍ 78) മുന്‍നായകന്‍ കുമാര്‍ സംഗക്കാരയും(65) ചേര്‍ന്ന് 93 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി.

ദില്‍ഷനെ വീഴ്ത്തിയ ഇര്‍ഫാന്‍ പഠാന്‍ ജയവര്‍ധനയെയും മടക്കി. 26ാം ഓവറില്‍ ദിനേശ് ചന്‍ഡിമല്‍(13) അശ്വിന്റെ പന്തില്‍ പുറത്തായത് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി. സംഗക്കാരയും തിരിമന്നെയും ചേര്‍ന്ന് 44 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി 35ാം ഓവറില്‍ സ്‌കോര്‍ 196ല്‍ എത്തിച്ചു.

ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിംഗിനു വിടുകയായിരുന്നു. ആറാം ഓവറില്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ മടക്കി ബൗളര്‍മാര്‍ തീരുമാനം ശരിവയ്ക്കുകയും ചെയ്തു. പക്ഷേ രണ്ടാം വിക്കറ്റില്‍ ഗംഭീറും കോഹ്‌ലിയും കളത്തില്‍ നിറഞ്ഞതോടെ കളി ഇന്ത്യയുടെ വരുതിയിലായി.  ഏകദിനത്തില്‍ പത്താം തവണ നൂറു കടന്ന കോഹ്‌ലി 115 പന്തുകള്‍ നേരിട്ടു. ഗംഭീറിന്റെയും പത്താം ഏകദിന സെഞ്ചുറിയാണിത്. 116 പന്തുകളിലായിരുന്നു ഗംഭീറിന്റെ നേട്ടം.

ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി 26 പന്തില്‍ 46 റണ്‍സ് നേടി പുറത്താകാതെനിന്നു. 17 റണ്‍സില്‍ 30 റണ്‍സ് നേടി പുറത്താകാതെനിന്ന സുരേഷ് റെയ്‌ന ധോണിക്ക് മികച്ച പിന്തുണ നല്‍കി. ഒരു സിക്‌സറും ആറു ഫോറുകളും അടങ്ങിയതായിരുന്നു ധോണിയുടെ ഇന്നിംഗ്‌സ്. റെയ്‌ന മൂന്നു ഫോറുകളും ഒരു സിക്‌സറും അടിച്ചു. വിരാട് കോഹ്ലിയാണു മത്സരത്തിലെ താരം.

അവസാന 15 ഓവറില്‍ ഏഴു വിക്കറ്റ് എന്ന നിലയില്‍ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 109 റണ്‍സ് മതിയായിരുന്നു. എന്നാല്‍ പവര്‍ പ്ലേയിലെ ആദ്യ ഓവര്‍ എറിഞ്ഞ അശ്വിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്താനുള്ള സംഗക്കാരയുടെ ശ്രമം രവീന്ദ്ര ജഡേജയുടെ കൈകളില്‍ ഒതുങ്ങിയത് മത്സരത്തിലെ വഴിത്തിരിവായി. ഈ ഓവറിലെ അഞ്ചാമത്തെ പന്തില്‍ തിരിമന്നെയും(29) പുറത്തായതോടെ ലങ്ക സമ്മര്‍ദ്ദത്തിലായി. 39ാം ഓവറിലെ മൂന്നും നാലും പന്തുകളില്‍ കുലശേഖരയെയും കപ്പുഗേദരയെയും പുറത്താക്കിയ വിനയ്കുമാര്‍ ഹാട്രിക്കിന്റെ തൊട്ടടുത്തെത്തി.

Malayalam news

Kerala news in English