മതില്‍ പടുത്ത് വിഹാരിയും പൂജാരയും രഹാനെയും; ഭേദപ്പെട്ട സ്‌കോറില്‍ ഇന്ത്യ
Sports News
മതില്‍ പടുത്ത് വിഹാരിയും പൂജാരയും രഹാനെയും; ഭേദപ്പെട്ട സ്‌കോറില്‍ ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th January 2022, 8:20 pm

ജോഹാനാസ്‌ബെര്‍ഗില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്‌കോര്‍. 240 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നത്.

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 266 റണ്‍സ് എടുത്തതോടെയാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ള ടാര്‍ഗറ്റ് തീരുമാനമായത്. നേരത്തെ ദക്ഷിണാഫ്രിക്കയ്ക്ക് 27 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ഉണ്ടായിരുന്നു.

ചേതേശ്വര്‍ പൂജാരയുടെയും അജിന്‍ക്യ രഹാനെയുടെയും വിരാടിന് പകരം ടീമിലിടം നേടിയ ഹനുമ വിഹാരിയുടെയും പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.

രണ്ടിന് 85 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്കായി പൂജാരയും രഹാനയും മികച്ച കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. വെടിക്കെട്ട് പ്രകടനം തന്നെ ഇരുവരും നടത്തിയപ്പോള്‍ ഇന്ത്യ മികച്ച സ്‌കോറിലെത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ടീം സ്‌കോര്‍ 155ല്‍ നില്‍ക്കെ രഹാനെ വീണു. തൊട്ടുപിന്നാലെ പൂജാരയും വീണതോടെ ഇന്ത്യ തകര്‍ച്ച മണത്തു.

ഇന്ത്യയ്ക്കായി രഹാനെ 78 പന്തില്‍ എട്ട് ഫോറും ഒരു സിക്സറുമടക്കം 58 റണ്‍സെടുത്തപ്പോള്‍ ചേതേശ്വര്‍ പൂജാര 86 പന്തില്‍ 10 53 റണ്‍സും കൂട്ടിച്ചേര്‍ത്തു. മൂന്നാം വിക്കറ്റില്‍ 111 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും കെട്ടിപ്പടുത്തത്.

വിഹാരിയുടെ ചെറുത്തു നില്‍പാണ് ഇന്ത്യയെ പൊരുതാവുന്ന നിലയിലേക്കെത്തിച്ചത്. 84 പന്തില്‍ ആറ് ഫോറടക്കം 40 റണ്‍സെടുത്ത വിഹാരി പുറത്താകാതെ നിന്നു. ടീമിലെ മിക്കവരെയും കൂട്ടു പിടിച്ചായിരുന്നു വിഹാരിയുടെ ഇന്നിംഗ്‌സ്.

പന്ത് ക്രീസിലെത്തിയതും പവലിയനിലേക്ക് മടങ്ങിയതും ഒന്നിച്ചായിരുന്നു. റണ്‍സൊന്നുമെടുക്കാതെ പന്ത് മടങ്ങിയപ്പോള്‍ അശ്വിനെ കൂട്ടുപിടിച്ചായിരുന്നു വിഹാരി ചെറുത്തുനില്‍പാരംഭിച്ചത്. ഇരുവരും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും 16 റണ്‍സെടുത്ത് അശ്വിന്‍ മടങ്ങി.

അശ്വിന് പകരമെത്തി 24 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സറുമടക്കം 28 റണ്‍സെടുത്ത ഷാര്‍ദുല്‍ താക്കൂറിന്റെ ബാറ്റിംഗാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തി. എന്നാല്‍ താക്കൂറിനും അധികനേരം നിലയുറപ്പിക്കാനായില്ല.

ഒരറ്റത്ത് വിഹാരി പിടിച്ച് നിന്നപ്പോള്‍ ഷമിയ്ക്കും ബുംറയ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല. അവസാന വിക്കറ്റില്‍ സിറാജിനെ ഒറ്റത്ത് നിര്‍ത്തി വിഹാരി പൊരുതി നോക്കിയെങ്കിലും എന്‍ഗിടി സിറാജിനെ പുറത്താക്കി ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം\

Content Highlight: India-South Africa second test, India sets 240 runs target for South Africa