ന്യൂദല്‍ഹി:ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ലമെന്റിലെ ആദ്യപ്രസംഗത്തില്‍ തന്നെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
1975 ലെ അടിയന്തരാവസ്ഥ മുതല്‍ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം തുടരുന്ന ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് മോദി ഉന്നയിച്ചത്. അടിയന്തരാവസ്ഥയ്ക്ക് ഉത്തരവാദികളായവര്‍ ഒരിക്കലും അവരുടെ പാപങ്ങളില്‍ നിന്ന് മുക്തരാകില്ലെന്നും മോദി കൂട്ടി ചേര്‍ത്തു. അടിയന്തരാവസ്ഥ ജനാധിപത്യത്തിനേറ്റ മങ്ങലാണെന്നും അത് ഒരിക്കലും മായില്ലെന്നും മോദി പറഞ്ഞു.
നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരു കോണ്‍ഗ്രസുകാരനും അര്‍ഹിച്ച അംഗീകാരം കിട്ടിയിട്ടില്ലെന്നായിരുന്നു മോദിയുടെ പരാമര്‍ശം. മന്‍മോഹന്‍ സിങ്ങിന്റെ പേര് പറയാന്‍ പോലും കോണ്‍ഗ്രസ് ഇപ്പോള്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും പ്രണബ് മുഖര്‍ജിയെ ഭാരതരത്‌നം നല്‍കി ആദരിച്ചത് ബി.ജെ.പി സര്‍ക്കാരാണെന്നും മോദി പറഞ്ഞു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ലോക്‌സഭയില്‍ മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് അദിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസംഗത്തിനുള്ള മറുപടിയും അദ്ദേഹം നല്‍കി. കോണ്‍ഗ്രസ് എം.പി കോണ്‍ഗ്രസിന്റെ നിരവധി നേട്ടങ്ങള്‍ പറയുന്നതിനിടയില്‍ അടിയന്തരാവസ്ഥയെ കുറിച്ച് പറയാന്‍ മറന്നുവെന്ന് മോദി പറഞ്ഞു.
‘ആരാണ് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചത്? ഭരണഘടനയില്‍ കളങ്കം ഏല്‍പ്പിക്കുകയും മാധ്യമങ്ങളെ ചൂഷണം ചെയ്യുകയും ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുകയും ചെയ്തത് ആരാണ്? ആ ഇരുണ്ട ദിനങ്ങള്‍ ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ലെന്ന്’ മോദി പറഞ്ഞു.