ഇന്ത്യയും സൗദിയും തൊഴില്‍ കരാറില്‍ ഒപ്പുവച്ചു
India
ഇന്ത്യയും സൗദിയും തൊഴില്‍ കരാറില്‍ ഒപ്പുവച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd January 2014, 8:29 am

[] ന്യൂദല്‍ഹി: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ ഗാര്‍ഹിക തൊഴിലാളികളെ സംരക്ഷിക്കാനായി ഇന്ത്യയും സൗദി അറേബ്യയും ഉഭയകക്ഷി കരാറില്‍ ഒപ്പുവച്ചു.

പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയും സൗദി തൊഴില്‍മന്ത്രി ആദില്‍ ബിന്‍ മുഹമ്മദ് ഫഖീഹും ഒപ്പുവച്ച കരാര്‍ സൗദിയിലെ ഇന്ത്യന്‍ പ്രവാസികളില്‍ ആറ് ലക്ഷത്തോളം വീട്ട് വിസക്കാര്‍ക്ക് പ്രയോജനകരമാകും.

കുറഞ്ഞ കൂലി, തൊഴില്‍ സമയം, ശമ്പളത്തോടെയുള്ള വാര്‍ഷിക അവധി, ശമ്പളം ബാങ്ക് വഴിയാക്കുക, തര്‍ക്കപരിഹാര സംവിധാനം എന്നീ അവകാശങ്ങളെ നിയമപരമായി ലഭ്യമാക്കുന്നതാണ് കരാര്‍.

കരാര്‍ നടപ്പാക്കുന്നതിന് പ്രവാസികാര്യ മന്ത്രാലയത്തിലെയും സൗദി തൊഴില്‍ മന്ത്രാലയത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ സംയുക്ത സമിതി ഒരുമാസത്തിനകം രൂപീകരിക്കും.

സമിതിയുടെ ആദ്യയോഗം സൗദിയില്‍ നടക്കും. കരാര്‍ ലംഘിക്കുന്ന റിക്രൂട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ നടപടിയുണ്ടാകുന്നതായിരിക്കും. സ്‌പോണ്‍സറുമായി പ്രശ്‌നങ്ങളുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ സമീപിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ലൈന്‍ സംവിധാനം ഉണ്ടാക്കാനും തീരുമാനമായി.

റിക്രൂട്‌മെന്റുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇപ്പോഴത്തെ കരാര്‍.സ്‌പോണ്‍സറുടെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ ഒരുപോലെ സംരക്ഷിക്കുകയാണ് കരാറിന്റെ ലക്ഷ്യമെന്ന് വയലാര്‍ രവി പറഞ്ഞു.