ന്യൂദല്‍ഹി: രാജ്യം കൊവിഡ്-19 ഭീഷണിയിലായിരിക്കെ കേന്ദ്രസര്‍ക്കാര്‍ ഇസ്രഈലുമായി കരാറൊപ്പിട്ടത് 880 കോടിയുടെ ആയുധ ഇറക്കുമതിക്ക്. രാജ്യത്ത് കൊവിഡിനെ പ്രതിരോധിക്കാനാവശ്യമായ മാസ്‌കുകളുടെ ലഭ്യതക്കുറവും വൈറസ് ടെസ്റ്റുകള്‍ നടക്കുന്നില്ല എന്ന ആരോപണവും നില നില്‍ക്കെയാണ് 880 കോടിയുടെ കരാറില്‍ സര്‍ക്കാര്‍ ഒപ്പിട്ടിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ സേന ആവശ്യപ്പെട്ടിരുന്ന ലൈറ്റ് മെഷീന്‍ ഗണ്‍ (എല്‍.എം.ജി) ഇസ്രഈലില്‍ നിന്നും വാങ്ങാനാണ് ധാരണയായിരിക്കുന്നത്. ഇത്തരത്തില്‍ 16479 എല്‍.എം.ജി തോക്കുകള്‍ ആണ് വാങ്ങുന്നത്.
‘ അത്യാവശ്യമായും നിര്‍ണായകവുമായ ഈ ആയുധം സൈന്യത്തിന്റെ ആത്മ വിശ്വാസം ഉയര്‍ത്തുകയും സൈന്യത്തിന് ശക്തിപകരുകയും ചെയ്യും,’ കരാറുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയം ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2018 ഫെബ്രുവരിയില്‍ കരസേന, വ്യോമസേന, നാവിക സേന എന്നിവയ്ക്കായി എല്‍.എം.ജി തോക്കുകള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയകൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഇസ്രഈലിലെ ഐ.ഡബ്ല്യ.ഐ ആയുധ നിര്‍മാണ കേന്ദ്രത്തിനൊപ്പം ബള്‍ഗേറിയയിലെയും ദക്ഷിണകൊറിയയിലെയും ആയുധ ശാലകളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതേക സംഘം സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനുവനൊടുവിലാണിപ്പോള്‍ ഇസ്രഈലുമായി ധാരണയാവുന്നത്.
നേരത്തെ രാജ്യത്ത് കൊവിഡ് 19 പടരുന്നതിനിടെ ആവശ്യത്തിന് മുന്‍കരുതലുകളില്ലെന്ന് വ്യക്തമാക്കി ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. രോഗപ്രതിരോധത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്നവര്‍ക്കായി എന്‍ 95 മാസ്‌കുകളോ സ്യൂട്ടുകളോ ഇല്ലെന്നായിരുന്നു പരാതി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇത് സംബന്ധിച്ച പരാതിയുമായി ഡോക്ടര്‍മാരടക്കമുള്ളവര്‍ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് പലരും രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിറില്‍
#PersonalProtectiveEquipment എന്ന പേരില്‍ ക്യാംപെയ്നും തുടങ്ങിയിട്ടുണ്ട്
പലരും പ്ലാസ്റ്റിക് കവറുകള്‍കൊണ്ട് മുഖം മറച്ചാണ് ജോലി ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി ഫോട്ടോകളടക്കം ട്വിറ്റര്‍ ഉപയോക്താക്കള്‍ പങ്കുവെക്കുന്നുണ്ട്. ലോകമഹായുദ്ധത്തിന്റെ സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടും യുദ്ധമുഖത്തേക്ക് പോരാളികളായ ആരോഗ്യപ്രവര്‍ത്തകരെ ആയുധമില്ലാതെയാണോ പറഞ്ഞയക്കുന്നതെന്നാണ് പലരും ഉന്നയിക്കുന്ന ചോദ്യം.