ന്യൂദല്‍ഹി: സമ്പൂര്‍ണ സൈനിക സഹകരണത്തിനുള്ള കോംകാസ കരാറില്‍ (കമ്യൂണിക്കേഷന്‍സ്, കോംപാറ്റബിലിറ്റി, സെക്യൂരിറ്റി അഗ്രിമെന്റ്) പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഒപ്പുവച്ചു. ആണവകരാറിനു ശേഷം യു.എസുമായുള്ള ഏറ്റവും വലിയപ്രതിരോധ ഉടമ്പടിയാണിത്. ദല്‍ഹിയില്‍ നടന്ന ആദ്യ ഇന്ത്യ-യു.എസ് ടു പ്ലസ് ടു ഉഭയകക്ഷി ചര്‍ച്ചയിലാണു നിര്‍ണായക ഉടമ്പടിയില്‍ നിര്‍മല സീതാരാമന്‍ ഒപ്പുവെച്ചത്.
യു.എസ് നിര്‍മിത സൈനിക ഉപകരണങ്ങളിലെ രഹസ്യ സാങ്കേതികവിദ്യ കൈമാറുമെന്നതാണ് കരാറിലെ പ്രധാന ധാരണ. നിലവില്‍ ഇന്ത്യ വാങ്ങുന്ന ഉപകരണങ്ങളുടെ സാങ്കേതികവിദ്യ രാജ്യത്തിനു ലഭ്യമല്ലായിരുന്നു. കരാറോടെ ഇന്ത്യയുടെ കൈവശമുള്ള ഹെലികോപ്റ്ററുകളിലും വിമാനങ്ങളിലും ഉയര്‍ന്ന നിലവാരത്തിലുള്ള ആശയവിനിമയ ഉപകരണങ്ങള്‍ ഇന്ത്യയ്ക്കു സ്ഥാപിക്കാനാവും.
വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരാണ് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരുമായി ചര്‍ച്ച നടത്തിയത്. പ്രതിരോധം, വാണിജ്യം, എച്ച് 1 ബി വിസ, സഹകരണം തുടങ്ങി നിരവധി കാര്യങ്ങള്‍ ചര്‍ച്ചയില്‍ വിഷയമായി.
ഇന്ത്യ- യു.എസ് ബന്ധത്തില്‍ പുതുയുഗം പിറന്നെന്നാണ് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പ്രതികരിച്ചത്. കൂടാതെ ഇന്ത്യ യുഎസ് സംയുക്ത സൈനികാഭ്യാസത്തിനും ധാരണയായിട്ടുണ്ട്. ഭീകരവാദം ഒന്നിച്ച് ചെറുക്കുമെന്നും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ വ്യക്തമാക്കി. ട്രംപിന്റെ അഫ്ഗാന്‍ നയം ഇന്ത്യ അംഗീകരിക്കും.
കഴിഞ്ഞ വര്‍ഷം നടന്ന ട്രംപ് മോദി കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളിലേയും പ്രതിരോധ, വിദേശകാര്യ വകുപ്പ് തലവന്‍മാര്‍ തമ്മിലുള്ള ടു പ്ലസ് ടു കൂടിക്കാഴ്ചയ്ക്കു തീരുമാനമായത്.