| Wednesday, 4th September 2019, 2:59 pm

ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമല്ല; ഹിന്ദുരാഷ്ട്രമാക്കാന്‍ ഗോഡ്‌സെയുടെ പിന്‍മുറക്കാര്‍ക്ക് കഴിയുകയുമില്ല ; ട്വിറ്ററില്‍ വാക്‌പോരുമായി ഉവൈസിയും അസം ബി.ജെ.പി മന്ത്രിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അസം പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ വാക്‌പോരുമായി അസം ബി.ജെ.പി മന്ത്രി ഹിമാനന്ദ ബിശ്വ ശര്‍മയും ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലീമീന്‍ തലവന്‍ അസദുദ്ദീന്‍ ഉവൈസിയും.

എന്ത് വിലകൊടുത്തും പട്ടികയില്‍ ഉള്‍പ്പെടാതെ പോയ ഹിന്ദുക്കളെ ഉള്‍പ്പെടുത്തിയിരിക്കുമെന്ന ഹിമാനന്ദ് ബിശ്വയുടെ പ്രസ്താവനക്കെതിരെയായിരുന്നു ഉവൈസി ആദ്യം രംഗത്തെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുസ്‌ലീങ്ങളെ ഒഴിവാക്കാന്‍ വേണ്ടി എന്‍.ആര്‍.സി ഉപയോഗപ്പെടുത്തിയത് എങ്ങനെയെന്നതിന്റെ തുറന്ന തെളിവാണ് ഇതെന്നായിരുന്നു ഉവൈസി പറഞ്ഞത്. ”യഥാര്‍ത്ഥത്തില്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയില്ലാത്തവരെ പോലും ഉള്‍പ്പെടുത്തിയ ശേഷം ഹിമാനന്ദ ബിശ്വ പറയുന്നത് ഏത് വിധേനയും ഹിന്ദുക്കളെ സംരക്ഷിക്കുമെന്നാണ്. പൗരത്വം എന്നത് വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കാനോ പിന്‍വലിക്കാനോ കഴിയുന്ന ഒന്നല്ല- എന്നായിരുന്നു ഉവൈസി ട്വിറ്ററില്‍ കുറിച്ചത്.

എന്നാല്‍ ഇതിന് പിന്നാലെ ഉവൈസിക്ക് മറുപടിയുമായി ഹിമാനന്ദ് ബിശ്വ രംഗത്തെത്തി. ഹിന്ദുക്കളെ ഇന്ത്യ സംരക്ഷിച്ചില്ലെങ്കില്‍ പിന്നെ ആര് സംരക്ഷിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

‘ഇന്ത്യ ഹിന്ദുക്കളെ സംരക്ഷിച്ചില്ലെങ്കില്‍ പിന്നെ ആരാണ് അവരെ സംരക്ഷിക്കുക? പാകിസ്ഥാനോ? പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്ക് വേണ്ടി അവരുടെ ഭവനമായി ഇന്ത്യ നിലകൊള്ളും. നിങ്ങളുടെ എതിര്‍പ്പ് കണക്കിലെടുക്കാതെ തന്നെ’- എന്നായിരുന്നു ഹിമാനന്ദ ബിശ്വ ട്വിറ്ററില്‍ കുറിച്ചത്.

ഇതിന് മറുപടിയുമായി ഉവൈസിയും രംഗത്തെത്തി. ഈ രാഷ്ട്രം ഒരു വിശ്വാസത്തിനേക്കാള്‍ വളരെ വളരെ വലുതാണെന്ന് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ആരാധകര്‍ക്ക് ഒരിക്കലും മനസ്സിലാക്കാന്‍ കഴിയില്ല. ഭാരതം എല്ലാ വിശ്വാസങ്ങളെയും വംശങ്ങളെയും ജാതികളെയും തുല്യമായി പരിഗണിക്കുമെന്നാണ് ഭരണഘടന പറയുന്നത്. ഇത് ഒരു ഹിന്ദു രാഷ്ട്രമല്ല, അത് ഒരിക്കലും അങ്ങനെ ആയിരിക്കുകയുമില്ല..അള്ളാഹു അനുഗ്രച്ചാല്‍

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘പീഡിപ്പിക്കപ്പെടുന്ന നിരവധി സമുദായങ്ങളെ (ഹിന്ദുക്കളും ഹിന്ദുക്കളല്ലാത്തവരും) സ്വാഗതം ചെയ്ത രാജ്യമാണ് ഇന്ത്യ. അവര്‍ അഭയാര്‍ഥികളാകാന്‍ സാധ്യതയുള്ള പൗരന്മാരല്ല. മതം ഒരിക്കലും പൗരത്വത്തിന് അടിസ്ഥാനമാകാന്‍ കഴിയില്ല. ഭരണഘടന തയ്യാറാക്കിയപ്പോള്‍ ഞങ്ങളുടെ പൂര്‍വ്വികര്‍ അത് നിരസിച്ചതാണ്. ഗോഡ്‌സെയുടെ പിന്‍മുറക്കാര്‍ക്ക് അത്ര എളുപ്പത്തില്‍ സാധിക്കുകയുമില്ല’- ഉവൈസി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ എന്നത് ഒരു രാജ്യമല്ലെന്നും മറിച്ച് ഒരു സംസ്‌ക്കാരമാണെന്നുമായിരുന്നു ഇതിന് ഹിമാനന്ദ നല്‍കിയ മറുപടി. ഒരു രാജ്യത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഭരണഘടനയില്‍ നിന്നാണ്. എന്നാല്‍ ഒരു സംസ്‌ക്കാരത്തിന്റെ ചരിത്രം ആരംഭിക്കുന്നത് അതിനും മുകളിലാണ്. ഭാരതമെന്ന ഇന്ത്യ അത്തരത്തില്‍ ഊര്‍ജ്ജ്വസ്വലമായ സംസ്‌ക്കാരമുള്ള ഇടമായി നിലനില്‍ക്കും. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം 5000 വര്‍ഷത്തിലേറെയായി ഇന്ത്യ നമ്മുടെ മാതൃരാജ്യമാണ്! ‘-എന്നായിരുന്നു ബിശ്വ പറഞ്ഞ്.

പൗരത്വപട്ടിക പുറത്തിറങ്ങിയതിന് പിന്നാലെ അസം ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉവൈസി രംഗത്തെത്തിയിരുന്നു. ഹിന്ദുക്കളുടെയും മുസ്‌ലീങ്ങളുടെയും കാര്യത്തില്‍ അവര്‍ രാജ്യത്തുടനീളം എന്‍.ആര്‍.സി ആവശ്യപ്പെടുന്നത് അവസാനിപ്പിക്കണമെന്നും അസമില്‍ സംഭവിച്ചതില്‍ നിന്ന് അവര്‍ പഠിക്കണമെന്നും അനധികൃത കുടിയേറ്റക്കാര്‍ എന്ന ബി.ജെ.പിയുടെ മിഥ്യാധാരണകള്‍ പൗരത്വപട്ടിക പുറത്തുവന്നതോടെ തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more