| Saturday, 23rd January 2021, 5:42 pm

ദൽഹി മാത്രം പോരാ നാല് തലസ്ഥാനം വേണം ഇന്ത്യക്ക്; കൊൽക്കത്തയിൽ മമത ബാനർജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽ​ഹി: ഇന്ത്യയുടെ തലസ്ഥാനമായി ദൽഹിയെ മാത്രം പരി​ഗണിക്കുന്നത് ശരിയല്ലെന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. തലസ്ഥാനമായി ദൽഹിയെ മാത്രം പരി​ഗണിക്കുന്നതിന് പകരം ഇന്ത്യക്ക് നാല് റൊട്ടേറ്റിങ്ങ് തലസ്ഥാനങ്ങൾ വേണമെന്നാണ് മമത ആവശ്യപ്പെട്ടത്.

” ഞാൻ വിശ്വസിക്കുന്നത് ഇന്ത്യക്ക് നാല് റൊട്ടേറ്റിങ്ങ് തലസ്ഥാനം വേണമെന്നാണ്. ബ്രിട്ടീഷുകാർ കൊൽക്കത്തയിൽ നിന്നാണ് ഇന്ത്യ മൊത്തം ഭരിച്ചത്. എന്തുകൊണ്ടാണ് ഇന്ത്യക്ക് ഒരു തലസ്ഥാനം മാത്രമുള്ളത്,” മമത ബാനർജി ചോദിച്ചു.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തിൽ കൊൽക്കത്തയിൽ ഒരു റാലിയിൽ സംസാരിക്കവെയായിരുന്നു മമത ഇക്കാര്യം ആവശ്യപ്പെട്ടത്.

മോദി സർക്കാർ എടുത്തുകളഞ്ഞ ആസൂത്രണ കമ്മീഷൻ തിരികെ കൊണ്ടുവരണമെന്നും മമത ആവശ്യപ്പെട്ടു. നീതി ആയോ​ഗിനും ആസൂത്രണ കമ്മീഷനും പരസ്പരം സഹകരിച്ച് കൊണ്ട് പ്രവർത്തിക്കാൻ സാധിക്കുമെന്നും മമത കൂട്ടിച്ചേർത്തു.
നേതാജിയുടെ ജന്മവാർഷികം അവധി ദിവസമായി പ്രഖ്യാപിക്കണമെന്നും മമത പറഞ്ഞു.

”നേതാജി ഇന്ത്യൻ നാഷണൽ ആർമി രൂപീകരിക്കുമ്പോൾ ​ഗുജറാത്ത്, ബം​ഗാൾ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയെല്ലാം ഉൾപ്പെടുത്തിയിരുന്നു. ബ്രീട്ടീഷുകാരുടെ ഭിന്നിച്ച് ഭരിക്കുക എന്ന നയത്തിനെതിരെയായിരുന്നു അദ്ദേഹം നിലകൊണ്ടത്. നമ്മൾ ഒരു ആസാദ് ഹിന്ദ് സ്മാരകം നിർമ്മിക്കും, അത് എങ്ങിനെ പ്രാവർത്തികമാക്കുമെന്നും നമ്മൾ കാണിച്ചു കൊടുക്കും,”മമത പറഞ്ഞു.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തിൽ മമത കൊൽക്കത്തിയിൽ പദയാത്രയ്ക്ക് തുടക്കമിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊൽക്കത്താ സന്ദർശനത്തിന് മുന്നോടിയായാണ് മമത പദയാത്ര നടത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:India Should Have 4 Capitals On Rotational Basis: Mamata Banerjee

We use cookies to give you the best possible experience. Learn more