| Thursday, 16th January 2020, 12:06 pm

തീവ്രവാദം അവസാനിപ്പിക്കാന്‍ അമേരിക്കയെ പോലെ ശക്തമായ നടപടികള്‍ ഇന്ത്യയും സ്വീകരിക്കണം: ബിപിന്‍ റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തീവ്രവാദത്തിന് അന്ത്യം കുറിക്കണമെങ്കില്‍ 9/11 ആക്രമണത്തിന് ശേഷം അമേരിക്ക സ്വീകരിച്ച തരത്തിലുള്ള ശക്തമായ നടപടികള്‍ ഇന്ത്യയും സ്വീകരിക്കണമെന്ന പ്രസ്താവനയുമായി സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത്.

‘തീവ്രവാദപ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും അവസാനിക്കേണ്ടതുണ്ട്. 2011 സെപ്റ്റംബറിലെ ആക്രമണത്തിന് ശേഷം അമേരിക്ക തീവ്രവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. അത്തരത്തിലുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യയും തയ്യാറാകണം.’ ബിപിന്‍ റാവത്ത് പറഞ്ഞു. റെയ്‌സിന ഡയലോഗ് 2020 എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദികളെയും തീവ്രവാദത്തെ പിന്തുണക്കുന്നവരെയും ഒറ്റപ്പെടുത്തണമെന്നും പറഞ്ഞു. നയതന്ത്രപരമായ ഉപരോധങ്ങളും ഫിനാഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും തീവ്രവാദത്തെ നേരിടുന്നതിന് സഹായിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി തീവ്രവാദത്തെക്കുറിച്ച് നടക്കുന്ന പ്രചരണങ്ങള്‍ അവസാനിപ്പിക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന് ബിപിന്‍ റാവത്ത് ആവശ്യപ്പെട്ടു.

‘തീവ്രവാദത്തെ വളര്‍ത്തുന്ന രാജ്യങ്ങള്‍ ഉള്ളിടത്തോളം കാലം ഇവിടെ തീവ്രവാദം തുടര്‍ന്നുകൊണ്ടേയിരിക്കും. ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി തീവ്രവാദികളെ ബിനാമികളായി ഉപയോഗിക്കുകയും അവര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുകയുമാണ് ഇത്തരം രാജ്യങ്ങള്‍ ചെയ്യുന്നത്.’ ബിപിന്‍ റാവത്ത് അഭിപ്രായപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ വര്‍ഷം കരസേന മേധാവിയായി വിരമിച്ച ഉടനെയായിരുന്നു ആദ്യ സംയുക്ത സേന മേധാവിയായി ബിപിന്‍ റാവത്ത് നിയമിതനായത്. കരസേന മേധാവിയായിരിക്കെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ബിപിന്‍ റാവത്തിന്റെ പ്രസ്താവനകള്‍ ചട്ടവിരുദ്ധമാണെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more