ഗസയില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തുകൊണ്ട് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ.
ഒക്ടോബര്‍ 26 ന്, യു.എന്‍.ജി.എയില്‍ ജോര്‍ദാന്‍ സമര്‍പ്പിച്ച സമാനമായ കരട് പ്രമേയത്തിന് മേല്‍ നടന്ന വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. തീവ്രവാദത്തോട് സഹിഷ്ണുതയില്ലാത്ത നയമാണ് ഇന്ത്യ സ്വീകരിക്കുന്നതെന്നായിരുന്നു വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നുകൊണ്ട് അന്ന് ഇന്ത്യ പറഞ്ഞത്.
ഹമാസ് ഇസ്രഈലിനെതിരെ ആക്രമണം നടത്തിയപ്പോള്‍ അതിനെ ആദ്യം അപലപിച്ച ലോക നേതാക്കളില്‍ ഒരാളായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഹമാസിന്റെ നടപടിയെ ഭീകരവാദം എന്നായിരുന്നു മോദി വിശേഷിപ്പിച്ചത്.
ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അതൊന്നും നേരിട്ട് പരാമര്‍ശിക്കാത്ത പ്രമേയങ്ങള്‍ക്ക് അനുകൂലമായി രാജ്യത്തിന് വോട്ട് ചെയ്യാനാകില്ലെന്നുമായിരുന്നു അന്ന് ഇന്ത്യ വാദിച്ചത്. എന്നാല്‍ ഇത്തവണത്തെ പ്രമേയത്തില്‍ വെടിനിര്‍ത്തലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയാണ് ഇന്ത്യ.
‘യു.എന്‍ പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ടു ചെയ്യുകയാണ്. വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് ഗസ നേരിടുന്നത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടുകയാണ്.
രാജ്യാന്തര മനുഷ്യാവകാശങ്ങള്‍ ഏതു സാഹചര്യത്തിലും സംരക്ഷിക്കേണ്ടതുണ്ട്. മേഖലയിലെ പ്രശ്‌നപരിഹാരത്തിനായി രാജ്യാന്തര സമൂഹം ഒരുമിച്ച് മുന്നോട്ടുവരണം. ഫലസ്തീനിയന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകരാജ്യം രൂപീകരിക്കേണ്ടതിനെക്കുറിച്ചും ചര്‍ച്ച നടത്തേണ്ടിയിരിക്കുന്നു’ എന്നായിരുന്നു യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞത്.
എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ഗസ-ഇസ്രഈല്‍ സംഘര്‍ഷത്തിന് പല മാനങ്ങള്‍ ഉണ്ടെന്നും കാംബോജ് കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 7 ന് ഇസ്രഈലില്‍ തീവ്രവാദ ആക്രമണം നടന്നിട്ടുണ്ട്. ആ സമയത്ത് ബന്ദികളാക്കിയവരെക്കുറിച്ചുള്ള ആശങ്ക ഇപ്പോഴും തുടരുന്നുണ്ട്. വലിയ രീതിയിലുള്ള പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്, എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക നിലപാടും ഇന്ത്യന്‍ പ്രതിനിധി ആവര്‍ത്തിച്ചു.
ഇന്ത്യയ്ക്ക് പുറമെ അള്‍ജീരിയ, ബഹ്റൈന്‍ , ഇറാഖ്, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ചു. യു.എസും ഇസ്രഈലും ഉള്‍പ്പെടെ പത്ത് രാജ്യങ്ങള്‍ എതിര്‍ത്തു. 23 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 20000ത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. മരിച്ചവരില്‍ വലിയൊരു ശതമാനം പേരും സ്ത്രീകളും കുട്ടികളുമാണെന്ന് യു.എന്‍ അറിയിച്ചിരുന്നു.
Content Highlight: Iddia Shifts Position on Gaza