| Thursday, 21st October 2021, 9:31 am

രാജ്യത്ത് വാക്‌സിനേഷന്‍ ഇന്ന് 100 കോടിയാകും; 75 ശതമാനം ആദ്യ ഡോസും 31 ശതമാനം രണ്ടാം ഡോസും നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ വാക്സിനേഷന്‍ ഇന്ന് നൂറ് കോടി പിന്നിടും. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 99.7 കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് മുമ്പ് വാക്സിനേഷന്‍ നൂറ് കോടി ഡോസ് പിന്നിടുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

രജ്യത്തെ കൊവിഡ് വാക്സിനേഷന്‍ യജ്ഞം ഒമ്പത് മാസം പിന്നിടുമ്പോഴാണ് വലിയ ലക്ഷ്യം ഇന്ത്യ കൈവരിക്കുന്നത്. നൂറ് കോടി വാക്‌സിന്‍ നേട്ടം ആഘോഷമാക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ വാക്സിനുകള്‍ ഇന്ന് നല്‍കുമെന്നാണ് വിവരം.

കൊവിന്‍ പോര്‍ട്ടലില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം ബുധനാഴ്ച രാത്രി 10.30 വരെ പ്രായ പൂര്‍ത്തിയായവരില്‍ 75 ശതമാനം ആദ്യ ഡോസും 31 ശതമാനത്തിന് രണ്ടാം ഡോസും വിതരണം ചെയ്തിട്ടുണ്ട്.

വാക്സിനേഷന്‍ യജ്ഞത്തിന്റെ തുടക്കത്തിന്‍ രാജ്യത്ത് വാക്‌സിന്‍ ക്ഷാമം റപ്പോര്‍ട്ട് ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ വികേന്ദ്രീകൃതമായ വാക്‌സിനേഷന്‍ നയത്തിനെതിരെ സുപ്രീം കോടതിയടക്കം രംഗത്തു വന്നിരുന്നു.

18 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്‌സിനില്ലെന്ന നയം പ്രഥമദൃഷ്ട്യാ വിവേചനപരമാണെന്നായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. 35,000 കോടി രൂപ ബജറ്റില്‍ മാറ്റിവെച്ചത് എന്തിനാണെന്ന് സുപ്രീം കോടതി ചോദിച്ചു.

സംസ്ഥാനങ്ങളെ പരസ്പരം മത്സരിക്കാന്‍ വിടുന്നത് ശരിയാണോ എന്നു ചോദിച്ച സുപ്രീം കോടതി പൗരാവകാശങ്ങള്‍ക്കെതിരെ നിലകൊണ്ടാല്‍ മൂകസാക്ഷിയാകില്ല എന്നും മുന്നറിയിപ്പ് നല്‍കി.

വാക്‌സിനു മൂന്നു വില നിശ്ചയിച്ച നടപടിയ്‌ക്കെതിരെയും കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചു. വാക്‌സിനേഷന്‍ നയം സംബന്ധിച്ച് സുപ്രീം കോടതിയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെങ്കിലും വിമര്‍ശനം കടുത്തതോടെ കേന്ദ്രം നിലപാട് തിരുത്തിയേക്കുമെന്ന് വ്യക്തമായിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്ത് വാക്‌സിനേഷന്‍ സൗജന്യമാണെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  India Set To Cross 1 Billion Vaccine Milestone Today

We use cookies to give you the best possible experience. Learn more