[]ന്യൂദല്‍ഹി: അതി വിശിഷ്ട വ്യക്തികള്‍ക്ക് വേണ്ടി ഇറ്റലി കേന്ദ്രമായ “അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് ” കമ്പനിയില്‍ നിന്ന് 12 ഹെലികോപ്ടറുകള്‍ വാങ്ങുന്നതിനുള്ള 3760 കോടി രൂപയുടെ കരാര്‍ റദ്ദാക്കും.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റേതാണ് തീരുമാനം. കരാറുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറുമായി കമ്പനി നാളെ അന്തിമവട്ട ചര്‍ച്ച നടത്താനിരിക്കെയാണ് തീരുമാനം. ഇതിനകം ലഭിച്ച ഹെലികോപ്റ്ററുകള്‍ തിരികെ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
മുന്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എസ്.പി. ത്യാഗിക്ക് കോഴ നല്‍കിയാണ് കരാര്‍ നേടിയതെന്ന വാര്‍ത്ത പുറത്ത് വന്നതോടെയാണ് കരാര്‍ വിവാദമായത്.
ഫിന്‍മെക്കാനിക്ക എന്ന ഇറ്റാലിയന്‍ കമ്പനിയുടെ യു.കെ ശാഖയായ അഗസ്ത വെസ്റ്റ്‌ലാന്‍ഡുമായി 2010 ലായിരുന്നു പ്രതിരോധ മന്ത്രാലയം കരാര്‍ ഒപ്പിട്ടിരുന്നത്.
കരാര്‍ പ്രകാരം ഇതിനകം മൂന്ന് ഹെലികോപ്ടറുകള്‍ ലഭിച്ചിരുന്നു. ഇതിനിടെയായിരുന്നു കമ്പനി മുന്‍ വ്യോമ സേനാ മേധാവി എസ്.പി ത്യാഗിയ്ക്ക് കോഴ നല്‍കിയതായ വിവരം പുറത്ത് വന്നത്.
കോഴയായി 360 കോടി രൂപ എസ്.പി. ത്യാഗിയുള്‍പ്പടെയുള്ളവര്‍ക്ക് കൈക്കൂലിയായി നല്‍കിയെന്നായിരുന്നു ആരോപണം. ഇക്കാര്യം ഇറ്റാലിയന്‍ അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തിരുന്നു.
ഹെലികോപ്ടര്‍ നിര്‍മാതാക്കളായ ഫിന്‍മെക്കാനിക്കയുടെ സി.ഇ.ഒ ഗുസപ്പി ഓര്‍സിയെ ഇറ്റാലിയന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതോടെയാണ് അഴിമതി പുറത്താവുന്നത്.
തുടര്‍ന്ന് പ്രതിരോധമന്ത്രാലയം അന്വേഷണം സി.ബി.ഐ ക്ക് വിടുകയും ഒപ്പം കരാര്‍ റദ്ദാക്കാതിരിക്കാന്‍ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍ ആദ്യ നോട്ടീസിനുള്ള മറുപടിയില്‍ കമ്പനി ആരോപണം നിഷേധിച്ചു.
ഒക്ടോബര്‍ 21 ന് നല്‍കിയ രണ്ടാമത്തെ നോട്ടീസിന് മറുപടി നല്‍കാന്‍ 21 ദിവസത്തെ സമയം പ്രതിരോധമന്ത്രാലയം നല്‍കിയിട്ടുണ്ട്. ഈ സമയപരിധി അവസാനിച്ചതിനാലാണ് കരാര്‍ റദ്ദാക്കുന്നതെന്നാണ് സൂചന.
അഴിമതി കഥ പുറത്തായായതോടെ കരാര്‍ തുടരാന്‍ കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്റണി താല്‍പ്പര്യം കാണിക്കാഞ്ഞതും കരാര്‍ റദ്ദാക്കാന്‍ കാരണമായി.