|

ഓസ്‌ട്രേലിയക്കൊപ്പം പാകിസ്ഥാനെയും തോല്‍പിച്ചു; ഇന്ത്യക്ക് ഐതിഹാസിക നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ഇന്ത്യ-ഓസ്ട്രേലിയ ടി-ട്വന്റി പരമ്പരയിലെ മൂന്നാം വിജയവും ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. ഡിസംബര്‍ ഒന്നിന് നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോള്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് 20 ഓവറില്‍ 154 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

ഇതോടെ ടി-ട്വന്റി മത്സരത്തില്‍ പാക്കിസ്ഥാന്റെ ലോക റെക്കോഡ് മറികടക്കുകയാണ് ഇന്ത്യ. ഇതോടെ ടി-ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ വിജയം കരസ്ഥമാക്കിയ പാകിസ്ഥാന്റെ ലോക റെക്കോഡാണ് ഇന്ത്യ മറികടന്നത്. പാകിസ്ഥാന്‍ 226 ടി-ട്വന്റി മത്സരങ്ങളില്‍ നിന്നും 135 വിജയമാണ് നേടിയത്. 213 മത്സരങ്ങളില്‍ നിന്നും 136 വിജയം സ്വന്തമാക്കിയാണ് ഇന്ത്യ റെക്കോഡ് നേട്ടത്തില്‍ എത്തിയത്.

അന്താരാഷ്ട്ര ടി-ട്വന്റി മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിജയിച്ച ടീമുകള്‍.

രാജ്യം, വിജയം, മത്സരങ്ങള്‍ എന്ന ക്രമത്തില്‍.

ഇന്ത്യ- 136 (213)

പാകിസ്ഥാന്‍ – 135 (226)

ന്യൂസിലാന്‍ഡ് – 102 (200)

ഓസ്ട്രേലിയ – 95 (181)

ദക്ഷിണാഫ്രിക്ക – 95 (171)

ഇംഗ്ലണ്ട് – 92 (177)

ശ്രീലങ്ക – 79 (180)

വെസ്റ്റ് ഇന്‍ഡീസ് -76 (184)

അഫ്ഗാനിസ്ഥാന്‍ – 74 (118)

അയര്‍ലന്‍ഡ് – 64 (154)

കഴിഞ്ഞ മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ ഓപ്പണിങ് ഇറങ്ങിയ യെശ്വസി ജയ്സ്വാള്‍ 28 പന്തില്‍ നിന്ന് ഒരു സിക്സറും നാല് ബൗണ്ടറിയും അടക്കം 37 റണ്‍സ് നേടി. ഋതുരാജ് ഗെയ്ക്വാദ് 28 പന്തില്‍ നിന്ന് ഒരു സിക്സറും മൂന്ന് ബൗണ്ടറികളുമടക്കം 32 റണ്‍സും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അവര്‍ക്ക് ശേഷം ഇറങ്ങിയ ശ്രേയസ് അയ്യര്‍ എട്ട് റണ്‍സും സൂര്യകുമാര്‍ യാദവ് രണ്ട് പന്തില്‍ നിന്നും ഒരു റണ്‍സുമായി പുറത്തായപ്പോള്‍ ഇന്ത്യക്ക് വന്‍ നിരാശയാണ് ഉണ്ടായത്.

ടോപ് ഓര്‍ഡര്‍ തകര്‍ച്ചക്കിടയില്‍ ഇറങ്ങിയ മധ്യനിരക്കാരനായ റിങ്കു സിങ് 29 പന്തില്‍ നിന്നും രണ്ടു സിക്സറുകളും നാല് ബൗണ്ടറികളും അടക്കം 46 റണ്‍സ് ആണ് ടീമിന് നേടിക്കൊടുത്തത്. നിര്‍ണായകഘട്ടത്തില്‍ റിങ്കു ടീമിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് 158.62 സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു. ജിതേഷ് ശര്‍മ 19 പന്തില്‍ മൂന്ന് സിക്സറുകളും ഒരു ബൗണ്ടറിയും നേടി 35 റണ്‍സിന്റെ മികച്ച പ്രകടനവും കാഴ്ചവച്ചു. 184.21 സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു ജിതേഷ് ശര്‍മയുടെ മിന്നും പ്രകടനം.

ഓസീസിന് വേണ്ടി മാത്യു വേഡ് 36* (23) റണ്‍സും ട്രാവിസ് ഹെഡ് 31 (16) റണ്‍സും മാറ്റ് ഷോട്ട് 22 (19) റണ്‍സുമെടുത്ത് പോരാടിയിട്ടും കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു.

ഓാസീസിന്റെ ബെന്‍ ഡ്വാര്‍ഷിസ് 40 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ തന്‍വീര്‍ സാംഘയും ജോണ്‍സ് ബെഹ്രന്‍ഡോഫും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ഇന്ത്യന്‍ ബൗളിങ്ങില്‍ അക്‌സര്‍ പട്ടേല്‍ നാല് ഓവറില്‍ 16 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. ദീപക് ചഹറിന് രണ്ട് വിക്കറ്റും രവി ബിഷ്‌ണോയ് 17 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റുമാണ് നേടിയത്.

പരമ്പരയിലെ അവസാന മത്സരം നടക്കുന്നത് ഡിസംബര്‍ മൂന്നിന് എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ്.

Content Highlight: India set a world Record in T20

Latest Stories