| Sunday, 22nd October 2023, 1:31 pm

സഹായവുമായി ഇന്ത്യ ; നന്ദി അറിയിച്ച് ഫലസ്തീന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യുദ്ധത്തില്‍ തകര്‍ന്ന ഫലസ്തീനിലേക്ക് ഞാറാഴ്ച ആദ്യ ഘട്ട മാനുഷിക സഹായങ്ങള്‍ അയച്ച് ഇന്ത്യ. 6.5 ടണ്‍ വൈദ്യ സഹായ വസ്തുക്കളും 32 ടണ്‍ ദുരന്ത നിവാരണ സാമഗ്രഹികളുമാണ് IAF c-17 വിമാനത്തില്‍ ഇന്ത്യ ഫലസ്തീനിലേക്ക് അയച്ചത്. ഈജിപ്ത് വഴിയാണ് സാധനങ്ങള്‍ ഫലസ്തീനില്‍ എത്തിക്കുന്നത്.

ഇന്ത്യയുടെ സഹായങ്ങള്‍ക്ക് നന്ദി അറിയിച്ച് ഫലസ്തീന്‍ രംഗത്തെത്തി. കൂടുതല്‍ സഹായമാവശ്യമെന്ന് ഇന്ത്യയിലെ ഫലസ്തീന്‍ അംബാസിഡര്‍ അറിയിച്ചു. കൂടാതെ യുദ്ധമവസാനിപ്പിക്കാന്‍ ഇന്ത്യ രാഷ്ട്രീയപരമായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ ഫലസ്തീനിലെ ജനങ്ങള്‍ക്കായി ഏകദേശം 6.5 ടണ്‍ വൈദ്യ സഹായവും 32 ടണ്‍ ദുരന്ത നിവാരണ സമൂഹികളുമായി ഒരു IAF C-17 വിമാനം ഈജിപ്തിലെ എല്‍ – അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നു,’ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി എക്‌സില്‍ കുറിച്ചു.

മാനുഷിക സഹായത്തില്‍ ആവശ്യമായ ജീവന്‍ രക്ഷാമരുന്നുകള്‍, ശസ്ത്രക്രിയാവസ്തുക്കള്‍, ടെന്റുകള്‍, സ്ലീപിങ് ബാഗുകള്‍, ടാര്‍പോളിനുകള്‍,സാനിറ്ററി യൂട്ടിലിറ്റികള്‍, ജലശുദ്ധീകരണ ഗുളികകള്‍ മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നതായി ബാഗ്ചി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി സംസാരിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ഫലസ്തീനിലേക്കുള്ള ഇന്ത്യയുടെ സഹായം. ഫലസ്തീനികള്‍ക്കായി മാനുഷിക സഹായങ്ങള്‍ അയക്കുമെന്ന് മോദി അബ്ബാസുമായി നടത്തിയ സംഭാഷണത്തില്‍ അറിയിച്ചിരുന്നു.

ഒക്ടോബര്‍ 7 ന് ഹമാസും ഇസ്രഈലും തമ്മിലാരംഭിച്ച യുദ്ധത്തില്‍ ഇരുവശത്തു നിന്നുമായി 5000ത്തില്‍ അധികംപേര്‍ കൊല്ലപ്പെട്ടു.

content highlight : India sends humanitarian aids to Palestine

We use cookies to give you the best possible experience. Learn more