ന്യൂദല്‍ഹി: മതിയായ യാത്രാരേഖകള്‍ ഇല്ലാത്തതിനാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റംഗത്തെ വിമാനത്താവളത്തില്‍ നിന്നും ഇന്ത്യ തിരിച്ചയച്ചു. ബ്രിട്ടനിലെ മുതിര്‍ന്ന അഭിഭാഷകനും പാര്‍ലമെന്റേറിയനുമായ ലോര്‍ഡ് അലക്‌സാണ്ടര്‍ കാര്‍ലൈലിനെയാണ് ദല്‍ഹി വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചത്.
മതിയായ വിസാ രേഖകള്‍ ഇല്ലാത്തതിനാലാണ് കാര്‍ലൈലിന് രാജ്യത്തു പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. “വിസാ അപേക്ഷയില്‍ സൂചിപ്പിച്ചിട്ടുള്ള സന്ദര്‍ശനാവശ്യവും ഇന്ത്യയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ വിശദീകരണവും തമ്മില്‍ പൊരുത്തമില്ലായിരുന്നു. അതിനാലാണ് രാജ്യത്ത് പ്രവേശനാനുമതി നിഷേധിക്കേണ്ടിവന്നത്” മന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാര്‍ പറയുന്നു.
മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദാ സിയയുടെ നിയമോപദേഷ്ടാവ് കൂടിയാണ് കാര്‍ലൈല്‍. സിയയ്‌ക്കെതിരെ നിലനില്‍ക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു സ്ഥാപിക്കുന്ന വാദങ്ങളുമായി മാധ്യമങ്ങളെ കണ്ടു സംസാരിക്കാനാണ് കാര്‍ലൈല്‍ ദല്‍ഹിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് സര്‍ക്കാര്‍ നേരത്തേ കാര്‍ലൈലിന് ബംഗ്ലാദേശിലേക്കുള്ള സന്ദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ധാക്കയിലെത്താന്‍ സാധിക്കാഞ്ഞതിനാലാണ് താന്‍ ദല്‍ഹിയില്‍ മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചതെന്നും കാര്‍ലൈല്‍ ബംഗ്ലാദേശി മാധ്യമങ്ങളോടു പറഞ്ഞു.
Also Read: കളി പഠിച്ചത് അഭയാര്‍ത്ഥി ക്യാംപില്‍ നിന്ന്, ഇന്ന് അവന്‍ കളിക്കുക ലോകകപ്പ് ഫൈനല്‍
കഴിഞ്ഞ മാര്‍ച്ചിലാണ് ബി.എന്‍.പി നേതാവിന്റെ നിയമോപദേശക സംഘത്തിലേക്ക് കാര്‍ലൈലിനെ നിയമിച്ചത്. മൂന്നു ഡസനോളം ക്രിമിനല്‍ കേസുകളാണ് ഖാലിദ സിയയ്‌ക്കെതിരെ ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളത്. സിയയെ രാഷ്ട്രീയത്തില്‍ നിന്നും പുറത്താക്കുന്നതിനായി കെട്ടിച്ചമച്ച കേസുകളാണ് ഇവയെന്നാണ് ബി.എന്‍.പിയുടെ വാദം.
കാര്‍ലൈലിനെ തിരിച്ചയച്ച നടപടി ഷൈഖ് ഹസീന സര്‍ക്കാരിനെ സന്തോഷിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.