ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 350 കൊവിഡ് പോസിറ്റീവ് കേസുകള്‍. അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 4281 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 325 പേര്‍ക്ക് അസുഖം ഭേദമായിട്ടുണ്ട്. ഇതുവരെ 114 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത്.
അതേസമയം മുംബൈയിലെ ധാരാവിയില്‍ രണ്ട് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബാലികാ നഗര്‍ ഏരിയയില്‍ ആണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ധാരാവിയിലെ ബാലിക നഗര്‍ മേഖല അധികൃതര്‍ സീല്‍ ചെയ്തിട്ടുണ്ട്.
ഹിമാചല്‍ പ്രദേശിലും ഇന്ന് പുതിയ നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ 19 കൊവിഡ് കേസുകളാണ് ഹിമാചലില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ദല്‍ഹി നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ് നാല് പേരും.
രാജസ്ഥാനില്‍ 24 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ 325 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ദല്‍ഹിയില്‍ അടുത്ത ദിവസങ്ങളിലായി ഒരു ലക്ഷം ആളുകളില്‍ റാന്‍ഡം ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഹോട്ട് സ്‌പോര്‍ട്ടുകളിലും ക്വാറന്റൈന്‍ മേഖലകളിലുമായിരിക്കും റാന്‍ഡം ടെസ്റ്റ് നടത്തുക.