| Saturday, 21st September 2019, 8:48 pm

രാജ്യത്തെ മുഴുവന്‍ പൗരന്മാരും സര്‍ക്കാര്‍ നിരീക്ഷണത്തിലാകുന്നു; ചൈനീസ് മാതൃകയിലുള്ള മുഖം തിരിച്ചറിയല്‍ സംവിധാനം നടപ്പാക്കാനൊരുങ്ങി ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചൈനീസ് മാതൃകയില്‍ മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ പൊതുസ്ഥലങ്ങളില്‍ നടപ്പാക്കാനൊരുങ്ങി ഇന്ത്യ. കേന്ദ്രീകൃത മുഖം തിരിച്ചറിയല്‍ സംവിധാനം നടപ്പാക്കാനാവശ്യമായ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അടുത്തമാസം തുടക്കമിടുന്നതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യമെമ്പാടും സ്ഥാപിക്കുന്ന നിരീക്ഷണ ക്യാമറകളില്‍ ഈ സാങ്കേതിക വിദ്യയാകും ഉപയോഗിക്കുക.

പാസ്‌പോര്‍ട്ട് വിവരങ്ങള്‍, കുറ്റവാളികള്‍, കാണാതായവര്‍, അജ്ഞാത മൃതദേഹങ്ങള്‍ തുടങ്ങിയവയുടെ ഡാറ്റാബാങ്കുമായി പുതിയ സംവിധാനം ബന്ധിപ്പിച്ചേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ രാജ്യത്തെ മുഴുവന്‍ പൗരന്മാരും സര്‍ക്കാര്‍ നിരീക്ഷണത്തിലാകും.

അംഗബലം കുറഞ്ഞ ഇന്ത്യയിലെ പൊലീസ് സംവിധാനത്തെ ശക്തിപ്പെടുത്താനാണ് ഈ നീക്കമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. 724 പേര്‍ക്ക് ഒരു പൊലീസുദ്യോഗസ്ഥന്‍ എന്ന രീതിയിലാണ് ഇന്ത്യയിലെ പൊലീസ് സംവിധാനത്തിന്റെ അംഗബലം. ലോകത്തിലേറ്റവും കുറഞ്ഞ അനുപാതമാണിത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ കഴിഞ്ഞവര്‍ഷം ചര്‍ച്ച ചെയ്ത ഡാറ്റാ സംരക്ഷണ നിയം ഇതുവരെയും നിലവില്‍ വന്നിട്ടില്ലെന്നത് പുതിയ സംവിധാനത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു.

ആധാര്‍ നടപ്പാക്കിയിട്ടു പോലും വിവരങ്ങള്‍ ചോരുന്നതിനെപ്പറ്റിയുള്ള ആരോപണങ്ങള്‍ നിരന്തരം ഉയരുന്നതിനിടെയാണ് പുതിയ സംവിധാനവും രംഗപ്രവേശം ചെയ്യാനൊരുങ്ങുന്നത്.

മുഖം തിരിച്ചറിയല്‍ സംവിധാനം നടപ്പാക്കാന്‍ ഏത് കമ്പനിയാണ് മുന്നോട്ടുവരികയെന്നാണ് ഇനി കാണേണ്ടത്. മുഖം പ്ലാസ്റ്റിക് സര്‍ജറി നടത്തി മാറ്റിയവരെപ്പോലും തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലുള്ള സംവിധാനമാണിത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കുറ്റകൃത്യങ്ങള്‍ നേരിടാന്‍ ഇതു സഹായിക്കുമെന്നാണ് സുരക്ഷാ സേനകളുടെ വിലയിരുത്തല്‍. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ നൂറിലധികം ഭീകരാക്രമണങ്ങളാണ് ഇന്ത്യയിലുണ്ടായത്.

അതിനാല്‍ ആഭ്യന്തര സുരക്ഷയ്ക്കും ലഹരിമരുന്ന് കടത്തുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവരാമെന്നാണ് അവരുടെ പക്ഷം.

We use cookies to give you the best possible experience. Learn more