ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാക് വ്യോമപാതയിലൂടെ പറക്കാന്‍ അനുമതി നല്‍കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ. ജൂണ്‍ 13, 14 തീയ്യതികളില്‍ ഷാങ്ഹായ് കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കിര്‍ഗിസ്ഥാനിലേക്ക് പറക്കാനാണ് ഇന്ത്യ പാകിസ്ഥാന്‍റെ അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഫെബ്രുവരി 26ന് ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ടിലെ ജെയ്‌ഷെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതിന് പിന്നാലെ പാകിസ്താന്‍ തങ്ങളുടെ വ്യോമപാത പൂര്‍ണമായും അടച്ചിരുന്നു. ആകെ പതിനൊന്ന് വ്യോമപാതകളില്‍ ദക്ഷിണ പാകിസ്ഥാനിലെ രണ്ടെണ്ണം മാത്രമാണ് പിന്നീട് പാകിസ്ഥാന്‍ തുറന്നത്.
‘പ്രധാനമന്ത്രിയുടെ വിമാനത്തിന് ഇനിയും തുറന്നിട്ടില്ലാത്ത പാക് വ്യോമപാതയിലൂടെ സഞ്ചരിക്കാന്‍ അനുവാദം നല്‍കണമെന്ന് ഞങ്ങള്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിക്ക് ജൂണ്‍ 13, 14 തിയ്യതികളിലായി നടക്കുന്ന എസ്.സി.ഒ മീറ്റില്‍ പങ്കെടുക്കേണ്ടതുണ്ട്’- കേന്ദ്ര സര്‍ക്കാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു.
മെയ് 21ന് എസ്.സി.ഒ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാകിസ്ഥാനിലൂടെ കിര്‍ഗിസ്ഥാനിലേക്ക് പറക്കാന്‍ മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് പാകിസ്ഥാന്‍ അനുമതി നല്‍കിയിരുന്നു.
ബാലാക്കോട്ടിന് ശേഷം ഇന്ത്യന്‍ വ്യോമപാതയില്‍ ഏര്‍പ്പെടുത്തിയ താത്കാലിക നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതായി ഇന്ത്യന്‍ വ്യോമസേന മെയ് 31ന് അറിയിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്തു മാറ്റാതെ യാത്രാവിമാനങ്ങള്‍ക്ക് ഇരുരാജ്യങ്ങള്‍ക്കിടയിലും പറക്കാന്‍ നിര്‍വാഹമില്ല.
Image Credits: Sameer Sehgal/HT