ഒറ്റ ഇന്നിങ്‌സില്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ച് റെക്കോഡുകള്‍ തിരുത്തി ഇന്ത്യ!
Sports News
ഒറ്റ ഇന്നിങ്‌സില്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ച് റെക്കോഡുകള്‍ തിരുത്തി ഇന്ത്യ!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th September 2024, 7:18 pm

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് നേടി ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ബംഗ്ലാദേശ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് നേടിയപ്പോള്‍ രണ്ടാം മത്സരത്തിലെ നാലാം ദിനം അവസാനിക്കുകയായിരുന്നു.

ഓപ്പണര്‍ സാക്കിര്‍ ഹസനെ 10 റണ്‍സിനും വണ്‍ ഡൗണ്‍ ബാറ്റര്‍ ഹസന്‍ മഹ്‌മൂദിനെ നാല് റണ്‍സിനും പറഞ്ഞയച്ച് ആര്‍. അശ്വിനാണ് വിക്കറ്റ് നേടിയത്. നിലവില്‍ ബംഗ്ലാദേശിന് വേണ്ടി ഷദ്മാന്‍ ഇസ്‌ലാം ഏഴ് റണ്‍സും മൊമീനുല്‍ ഹഖ് നാല് റണ്‍സുമായും ക്രീസില്‍ ഉണ്ട്.

ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ പുറത്തെടുത്തത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 11 പന്തില്‍ മൂന്ന് സിക്സറും ഒരു ഫോറും അടക്കം 23 റണ്‍സിന് പുറത്താകുമ്പോള്‍ ഇന്ത്യ 55 റണ്‍സാണ് നേടിയത്. പിന്നീട് യശസ്വി ജയ്സ്വാള്‍ 51 പന്തില്‍ 12 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 72 റണ്‍സാണ് നേടിയത്. കെ.എല്‍. രാഹുല്‍ 43 പന്തില്‍ നിന്ന് 68 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചു. 12 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെയാണ് നേടിയത്.

എന്നാല്‍ ഒറ്റ ഇന്നിങ്‌സിലെ വെടിക്കെട്ട് ബാറ്റിങ് കൊണ്ട് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ച് തകര്‍പ്പന്‍ റെക്കോഡുകളാണ് ഇന്ത്യ തുരിത്തിക്കുറിച്ചത്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 50, 100, 150, 200, 250 എന്നിങ്ങനെ സ്‌കോര്‍ നേടുന്ന ടീമാകാനാണ് ഇന്ത്യയ്ക്ക് സാധിച്ചത്. മൂന്ന് ഓവറില്‍ ഇന്ത്യ 50 റണ്‍സ് പൂര്‍ത്തിയാക്കിയപ്പോള്‍ 10.1 ഓവറില്‍ 100 റണ്‍സും 18.2 ഓവറില്‍ 150 റണ്‍സും 24.2 ഓവറില്‍ 200 റണ്‍സും 30.1 ഓവറില്‍ 250 റണ്‍സും അടിച്ചെടുത്തു.

മത്സരത്തില്‍ ശുഭ്മന്‍ ഗില്‍ 36 പന്തില്‍ നിന്ന് 39 റണ്‍സും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് വെറും ഒമ്പത് റണ്‍സും നേടിയാണ് പുറത്തായത്. പിന്നീട് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് സ്റ്റാര്‍ ബാറ്റര്‍ വിരാടാണ്. കോഹ്‌ലി 35 പന്തില്‍ നിന്ന് 47 റണ്‍സ് നേടി കൂടാരം കയറിയത്. നേടിയത് 47 റണ്‍സാണ് നേടിയതെങ്കിലും ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏറ്റവും വേഗതയില്‍ 27000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ വിരാടിന് സാധിച്ചു.

തുടര്‍ന്ന് ജഡേജ (8), അശ്വിന്‍ (1), ആകാശ് ദീപ് (12) എന്നിവര്‍ പെട്ടന്ന് പുറത്തായതോടെ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി ഹസന്‍ മഹ്‌മൂദ് ഒരു വിക്കറ്റ് നേടിയപ്പോള്‍ മെഹ്ദി ഹസന്‍ മിറാസ്ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ നാല് വിക്കറ്റും നേടി.

 

Content Highlight: India Scripted Five Records In Test Cricket History