21ാം നൂറ്റാണ്ടിലെ രണ്ടാമത്തേതും ചരിത്രത്തിലെ നാലാമത്തേതും; കരച്ചിലടക്കാനാകാതെ ഇന്ത്യ
Sports News
21ാം നൂറ്റാണ്ടിലെ രണ്ടാമത്തേതും ചരിത്രത്തിലെ നാലാമത്തേതും; കരച്ചിലടക്കാനാകാതെ ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th March 2023, 8:02 pm

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇരു ടീമും ഓരോ മത്സരം വീതം വിജയിച്ച് സമനില സ്വന്തമാക്കിയിരിക്കുകയാണ്. മാര്‍ച്ച് 22ന് നടക്കുന്ന സീരീസ് ഡിസൈഡറിലാണ് പരമ്പര ആര്‍ക്കാണെന്ന കാര്യത്തില്‍ ഒരു തീരുമാനമാവുക.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. സ്റ്റാര്‍ക്കിന്റെ നേതൃത്വത്തിലിറങ്ങിയ ഓസീസിന്റെ പേസ് കരുത്തിന് മുമ്പില്‍ ഇന്ത്യക്ക് ഉത്തരമുണ്ടായിരുന്നില്ല.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സ്‌പെല്ലാണ് ഇന്ത്യയെ നിലംപരിശാക്കിയത്. ഒരു മെയ്ഡന്‍ ഉള്‍പ്പെടെ എട്ട് ഓവര്‍ പന്തെറിഞ്ഞ് 53 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് സ്റ്റാര്‍ക് സ്വന്തമാക്കിയത്. രോഹിത് ശര്‍മയെയും സൂര്യകുമാര്‍ യാദവിനെും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി താരം കാണിച്ച മാസ് അതൊന്ന് വേറെ തന്നെയായിരുന്നു.

സ്റ്റാര്‍ക്കിന് പുറമെ സീന്‍ അബോട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ട് വിക്കറ്റ് നഥാന്‍ എല്ലിസും സ്വന്തമാക്കി. ഇതോടെ 26 ഓവറില്‍ 117 എന്ന സ്‌കോറില്‍ ഇന്ത്യ ഓള്‍ ഔട്ടായി.

ഈ മോശം പ്രകടനത്തിന് പിന്നാലെ ഒരു മോശം റെക്കോഡും വിശാഖപട്ടണത്തെ വൈ.എസ്. രാജ റെഡ്ഡി ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് ഇന്ത്യയെ തേടിയെത്തിയിരുന്നു. ഏകദിന ഫോര്‍മാറ്റില്‍, സ്വന്തം മണ്ണില്‍ ഇന്ത്യയുടെ നാലാമത്തെ ഏറ്റവും മോശം സ്‌കോറാണിത്.

ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ (ഇന്ത്യന്‍ മണ്ണില്‍)

(സ്‌കോര്‍, എതിരാളി, വര്‍ഷം എന്നീ ക്രമത്തില്‍)

78 – ശ്രീലങ്ക – 1986

100 – വെസ്റ്റ് ഇന്‍ഡീസ് – 1993

117 – ശ്രീലങ്ക – 2017

117 – ഓസ്‌ട്രേലിയ – 2023

ഇന്ത്യന്‍ നിരയെ ഓസീസ് പേസ് ബൗളര്‍മാര്‍ വിറപ്പിച്ചപ്പോള്‍ ഏകദിനത്തിലെ ഏറ്റവും മികച്ച ബൗളറായി മുഹമ്മദ് സിറാജിനെയും സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയെയും മുന്‍നിര്‍ത്തി തിരിച്ചടിക്കാം എന്ന ഇന്ത്യന്‍ ടീമിന്റെ തീരുമാനവും വെള്ളത്തില്‍ വരച്ച വര പോലെ ആയി.

ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും കൊടുങ്കാറ്റായപ്പോള്‍ കേവലം ഒമ്പത് ഓവറില്‍ തന്നെ ഓസീസ് സ്‌കോര്‍ നൂറിലെത്തിയിരുന്നു. തുടര്‍ന്ന് രണ്ട് ഓവര്‍ കൂടി ബാറ്റ് ചെയ്ത്, വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഓസീസ് വിജയം സ്വന്തമാക്കുകയായിരുന്നു.

രണ്ടാം മത്സരത്തിലെ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാമ്പിലും ആശങ്കകള്‍ ഉടലെടുത്തിരിക്കുകയാണ്. മാര്‍ച്ച് 22ന് ചെപ്പോക്കില്‍ വെച്ച് നടക്കുന്ന സീരീസ് ഡിസൈഡര്‍ മത്സരം എന്ത് വിലകൊടുത്തും സ്വന്തമാക്കണമെന്ന തീരുമാനത്തിലാണ് ആതിഥേയര്‍.

 

Content Highlight: India scores 4th lowest ODI total in India