| Thursday, 3rd December 2020, 3:26 pm

'മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയുമേ ഐക്യരാഷ്ട്രസഭ കാണുന്നുള്ളൂ'; ഹിന്ദുക്കള്‍ക്ക് നേരെയുള്ള അക്രമങ്ങളോട് ഇരട്ടത്താപ്പെന്ന് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മതത്തിന്റെ പേരിലുള്ള ആക്രമണങ്ങളെ അപലപിക്കുന്നതില്‍ ഐക്യരാഷ്ട്ര സഭ സ്വീകരിക്കുന്നത് പക്ഷപാതപരമായ സമീപനമാണെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യ.

ബുദ്ധിസം, ഹിന്ദുയിസം, സിഖിസം, തുടങ്ങിയ മതങ്ങള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളും വിദ്വേഷങ്ങളും അപലപിക്കുന്നതില്‍ യു.എന്‍ പരാജയപ്പെട്ടുവെന്നും ജനറല്‍ അസംബ്ലിയില്‍ ഇന്ത്യ പറഞ്ഞു.

യു.എന്‍ ജനറല്‍ അസംബ്ലിയുടെ ‘സമാധാനത്തിന്റെ സംസ്‌കാരം’ എന്ന് പേരിട്ട സെഷനിലാണ് എബ്രഹാമിക് പരമ്പരയില്‍പ്പെടാത്ത മതങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ യു.എന്‍ ശക്തമായ നിലപാടെടുക്കുന്നില്ലെന്ന് ഇന്ത്യ പറഞ്ഞത്.

അതേസമയം യഹൂദ വിരുദ്ധത, ഇസ്‌ലാമോഫോബിയ, ക്രിസ്ത്യന്‍ വിരുദ്ധത എന്നിവ അപലപിക്കപ്പെടേണ്ടത് തന്നെയാണെന്നും ഇത്തരം വിദ്വേഷങ്ങളെ തങ്ങളും അപലപിക്കുന്നെന്നും യു.എന്നില്‍ ഇന്ത്യ പറഞ്ഞു.

എന്നാല്‍ മതങ്ങള്‍ക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട യു.എന്‍ പ്രമേയത്തില്‍ മൂന്ന് എബ്രഹാമിക് മതങ്ങളെകുറിച്ച് മാത്രമേ പരാമര്‍ശിക്കുന്നുള്ളുവെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

ബുദ്ധമതം, ഹിന്ദുമതം, സിഖ് മതം തുടങ്ങിയവയ്‌ക്കെതിരായ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിലും അവയ്ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുന്നതിലും യു.എന്‍ പലപ്പോഴും പരാജയപ്പെടുകയാണെന്നാണ് ഇന്ത്യ അറിയിച്ചത്.

സമാധനത്തിന്റേതായ സംസ്‌കാരം എബ്രഹാമിക് മതങ്ങള്‍ക്ക് മാത്രമായിരിക്കരുത്. അത്തരം പ്രത്യേക തെരഞ്ഞെടുപ്പുകള്‍ തുടരുമ്പോള്‍ ലോകത്തിന് ഒരിക്കലും സമാധാനത്തിന്റേതായ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ കഴിയില്ലെന്ന് ഇന്ത്യയുടെ യു.എന്‍ പെര്‍മനന്റ് മിഷന്റെ ആദ്യ സെക്രട്ടറിയായ ആഷിഷ് ശര്‍മ്മ പറഞ്ഞു.

മത വിഷയങ്ങളില്‍ യു.എന്‍ ഒരു പ്രത്യേക മതത്തിന്റെ പക്ഷം ചേരരുതെന്നും ആഷിഷ് ശര്‍മ്മ വാദിച്ചു. നാം ഇവിടെ ഒരു നാഗരികത കെട്ടിപ്പെടുക്കാനാണ് ശ്രമിക്കുന്നത് അല്ലാത സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്താകമാനം ഹിന്ദുയിസത്തിന് 1.2 ബില്ല്യണ്‍, ബുദ്ധമത്തിന് 535 ബില്ല്യണ്‍, സിഖ് മതത്തിന് 30 മില്ല്യണ്‍ എന്ന തോതില്‍ വിശ്വാസികളുണ്ട്. അതുകൊണ്ട് തന്നെ ഈ മതങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെയും പ്രത്യേക പ്രമേയം വേണമെന്നായിരുന്നു ഇന്ത്യ പ്രധാനമായും വാദിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India says UN selective in condemning religious persecution,

We use cookies to give you the best possible experience. Learn more