ന്യൂദല്‍ഹി: പാക്കിസ്ഥാനുമായി ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് ഇന്ത്യ. തീവ്രവാദത്തിനെതിരെ നടപടിയെടുക്കുംവരെ ചര്‍ച്ചയില്ലെന്നാണ് ഇന്ത്യ അറിയിച്ചത്. അതിര്‍ത്തിയിലെ ജാഗ്രത തുടരുമെന്നും ഇന്ത്യ അറിയിച്ചു.
ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞദിവസങ്ങളില്‍ അറിയിച്ചിരുന്നു. യുദ്ധമല്ല സമാധാനമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത്. ചര്‍ച്ചകള്‍ക്ക് എപ്പോഴും സന്നദ്ധമാണ്. അതിര്‍ത്തിയില്‍ നടത്തിയ നീക്കം തങ്ങളുടെ ശക്തി ബോധ്യപ്പെടുത്താന്‍ മാത്രമായിരുന്നെന്നും ഖാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ തീവ്രവാദത്തോട് പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന നിലപാട് മാറ്റാതെ ചര്‍ച്ചയ്ക്കില്ലെന്നാണ് ഇന്ത്യ പറയുന്നത്.
അതിനിടെ, പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് അവകാശപ്പെട്ട ജെയ്‌ഷെ-ഇ- മുഹമ്മദിനെ പിന്തുണയ്ക്കുന്ന സമീപനമാണ് പാക്കിസ്ഥാന്‍ സ്വീകരിച്ചത്. പുല്‍വാമ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന് പങ്കുണ്ടോയെന്ന കാര്യത്തില്‍ പാക് സര്‍ക്കാരിന് ഉറപ്പില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി പറഞ്ഞിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് തന്നെ ഏറ്റെടുത്തതാണല്ലോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഒരിക്കലുമില്ലെന്നും അവര്‍ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നുമായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
ആ ആക്രമണത്തില്‍ ജെയ്ഷെയ്ക്ക് പങ്കില്ലെന്നും അതില്‍ ആശയക്കുഴപ്പമുണ്ടെന്നുമായിരുന്നു ഖുറേഷി പറഞ്ഞത്. ജെയ്ഷെ നേതൃത്വം ബന്ധപ്പെട്ടിരുന്നെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കല്ലെന്ന് അവര്‍ പറഞ്ഞെന്നുമായിരുന്നു ഖുറേഷിയുടെ പ്രതികരണം.
ജെയ്ഷെ നേതൃത്വവുമായി ആരാണ് ബന്ധപ്പെട്ടത് എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇവിടെ അവരുമായി ബന്ധംപുലര്‍ത്തുന്ന ആളുകള്‍ ഉണ്ടെന്നായിരുന്നു ഖുറേഷി നല്‍കിയ മറുപടി.
പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ജെയ്ഷെ വക്താവ് മുഹമ്മദ് ഹസ്സന്‍ തന്നെ പ്രസ്താവന ഇറക്കിയ വസ്തുത നിലനില്‍ക്കുമ്പോഴാണ് ജെയ്ഷെയ്ക്ക് ആക്രമണത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് പാക് വിദേശകാര്യമന്ത്രി തന്നെ എത്തുന്നത്. ജെയ്ഷയുടെ ചാവേര്‍ ആദില്‍ അഹമ്മദാണ് ആക്രമണം നടത്തിയതെന്നും ജെയ്ഷെ മുഹമ്മദ് അന്ന് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.