| Sunday, 1st January 2023, 7:57 am

ഇന്ത്യയുടെ കിരീട മോഹങ്ങള്‍ ഇല്ലാതാവുന്നോ? ഇത്തവണയും കരയേണ്ടി വരുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ താരം റിഷബ് പന്തിന്റെ അപകടം ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മോഹങ്ങള്‍ക്ക് മേല്‍കൂടിയാണ് കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ നടക്കുന്ന നാല് ടെസ്റ്റ് മത്സരങ്ങളില്‍ പന്ത് ആയിരുന്നു ഇന്ത്യയുടെ ട്രംപ് കാര്‍ഡ്.

നിലവില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച താരമാണ് റിഷബ് പന്ത്. ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ മുന്നിലുള്ള ഇന്ത്യന്‍ താരവും റിഷബ് പന്ത് തന്നെ.

പന്തിനെ മുന്‍നിര്‍ത്തി തന്നെയായിരിക്കണം ഇന്ത്യ തന്ത്രങ്ങള്‍ മെനഞ്ഞതും.

ടെസ്റ്റില്‍ പന്ത് ആരാണെന്നും എന്താണെന്നും മറ്റേത് ടീമിനേക്കാളും കൃത്യമായി അറിയാവുന്നത് ഓസ്‌ട്രേലിയക്ക് തന്നെയാണ്. 32 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഗാബയില്‍ തോറ്റിട്ടില്ല എന്ന ഓസീസിന്റെ ഖ്യാതിയെ തച്ചുടച്ചത് റിഷബ് പന്തിന്റെ ഇന്നിങ്‌സായിരുന്നു. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നാലാം ടെസ്റ്റിലായിരുന്നു കങ്കാരുക്കള്‍ ഗാബയില്‍ വെച്ച് തോല്‍വിയറിഞ്ഞത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ നിലവിലെ സൈക്കിളില്‍ ഒരു പരമ്പരയാണ് ഇന്ത്യക്ക് ബാക്കിയുള്ളത്. ഓസീസിനെതിരെയുള്ള നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഡബ്ല്യൂ.ടി.സിയുടെ ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ.

നിലവില്‍ 58.93 എന്ന വിജയ ശതമാനവുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. പരമ്പരയിലെ എല്ലാ മത്സരങ്ങളും ജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ കളിക്കാം. മൂന്ന് ജയവും ഒരു സമനിലയും ആണെങ്കിലും, മൂന്ന് ജയവും ഒരു തോല്‍വിയുമാണ് പരമ്പരയുടെ റിസള്‍ട്ട് എങ്കിലും കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായി വരും.

ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് 78.57 എന്ന വിജയ ശതമാനമാണുള്ളത്.

ഇന്ത്യക്ക് പുറമെ മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയും നാലാം സ്ഥാനത്തുള്ള സൗത്ത് ആഫ്രിക്കയുമാണ് ഫൈനലില്‍ പ്രവേശിക്കാന്‍ സാധ്യത കല്‍പിക്കുന്ന മറ്റ് ടീമുകള്‍.

53.33 എന്ന വിജയ ശതമാനത്തോടെ 64 പോയിന്റുമായാണ് ശ്രീലങ്ക മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 50 ശതമാനം വിജയമാണ് നാലാം സ്ഥാനത്തുള്ള സൗത്ത് ആഫ്രിക്കക്കുള്ളത്.

Content Highlight: India’s world test championship hopes

We use cookies to give you the best possible experience. Learn more