ആരാധകരേ കാല്‍ക്കുലേറ്റര്‍ എടുത്തോളൂ, ഇന്ത്യക്ക് ഫൈനല്‍ കളിക്കാന്‍ ഇങ്ങനെയൊക്കെ സംഭവിക്കണം | D Sports
ആദര്‍ശ് എം.കെ.

തങ്ങളുടെ ബംഗ്ലാദേശ് പര്യടനത്തിലെ ടെസ്റ്റ് പരമ്പര വൈറ്റ്‌വാഷ് ചെയ്തുകൊണ്ടായിരുന്നു ഇന്ത്യ ഏകദിന പരമ്പര നഷ്ടപ്പെടുത്തിയതിന്റെ സങ്കടം തീര്‍ത്തത്. രണ്ട് മത്സരങ്ങളുടെ പരമ്പര 2-0നായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.

ബംഗ്ലാദേശിനെതിരായ പരമ്പര വിജയത്തോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും സാധ്യതകള്‍ വര്‍ധിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിന് മുമ്പ് ആറ് മത്സരങ്ങളായിരുന്നു ടീമിന്റെ ടെസ്റ്റ് ലോകകപ്പ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ബാക്കിയുണ്ടായിരുന്നത്. ഇതില്‍ ഇന്ത്യയെ സംബന്ധിച്ച് എല്ലാ മത്സരങ്ങളും നിര്‍ണായകമായിരുന്നു.

ഇന്ത്യയുടെ പരമ്പര വിജയം മാത്രമല്ല, ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക പരമ്പരയുമാണ് ടീമിന് തുണയായത്. പര്യടനത്തിന് മുമ്പ് നാലാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ നിലവില്‍ രണ്ടാം സ്ഥാനത്താണ്.

അഞ്ച് പരമ്പകള്‍ക്ക് ശേഷം ഇന്ത്യ 58.93 എന്ന വിജയശതമാനത്തോടെയാണ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. മൂന്നാം സ്ഥാനത്തുള്ള സൗത്ത് ആഫ്രിക്കക്ക് നിലവില്‍ 54.55 എന്ന വിജയശതമാനമാണുള്ളത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കണമെങ്കില്‍ പോയിന്റ് ടേബിളിന്റെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇടം നേടണം.

ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഒരു പരമ്പര കൂടിയാണ് ബാക്കിയുള്ളത്. ഒന്നാം സ്ഥാനത്തുള്ള ഓസീസിനെതിരെയാണ് നാല് മത്സരങ്ങളടങ്ങിയ പരമ്പര നടക്കുന്നത്.

ഫെബ്രുവരി ഒമ്പതിന് ആരംഭിക്കുന്ന പരമ്പര നാഗ്പൂര്‍, ധര്‍മശാല, ദല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലായാണ് നടക്കുക. ഇന്ത്യന്‍ സാഹചര്യങ്ങിളില്‍ മത്സരം നടക്കുന്നതിനാല്‍ മത്സരം ടീമിന് അനുകൂലമാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

പരമ്പരയിലെ നാല് മത്സരങ്ങളും വൈറ്റ് വാഷ് ചെയ്ത് 4-0 എന്ന നിലയില്‍ ജയിക്കുകയാണെങ്കില്‍ ഇന്ത്യക്ക് 68.06% ആണ് ഉണ്ടാകുക. ഇത് നേടാന്‍ സാധിച്ചാല്‍ ഉറപ്പായും ഫൈനല്‍ കളിക്കാന്‍ സാധിക്കും.

അഥവാ ഒരു മത്സരത്തില്‍ സമനില വഴങ്ങുകയും മറ്റ് മൂന്ന് മത്സരം ജയിക്കുകയുമാണെങ്കില്‍ 64.35% ഇന്ത്യക്കുണ്ടാകും. ഇതും ടീമിനെ ഫൈനലിലെത്തിക്കാന്‍ സഹായിക്കും.

എന്നാല്‍ ഒരു മത്സരം പരാജയപ്പെടുകയും മറ്റ് മൂന്നെണ്ണത്തില്‍ ജയിക്കുകയും ചെയ്താല്‍ 62.50% ആകും ഇന്ത്യക്കുണ്ടാവുക. മറ്റ് ടീമുകളുടെ പോയിന്റുകളുമായി താരതമ്യം ചെയ്തുകൊണ്ടായിരിക്കും ഫൈനല്‍ പ്രവേശനം സാധ്യമാകുക. നിലവിലെ സാഹചര്യത്തില്‍ 3-1 വിജയവും ഇന്ത്യയെ ഫൈനലില്‍ എത്തിക്കാന്‍ പോന്നതാണ്.

എന്നാല്‍ 2-0നാണ് ജയിക്കുന്നതെങ്കില്‍ ഇന്ത്യയുടെ പക്കല്‍ 60.65% ആണ് ഉണ്ടാവുക. ഇതും ടീമിനെ സംബന്ധിച്ച് ഗുണകരമാണ്.

എന്നാല്‍ 1-0നാണ് ജയിക്കുന്നതെങ്കില്‍ ഇന്ത്യക്ക് ഫൈനലില്‍ കടക്കണമെങ്കില്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി ഒത്തുവരണം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക പരമ്പരയില്‍ പ്രോട്ടീസ് 3-0, 2-0 എന്ന നിലയില്‍ പരാജയപ്പെടണം.

അല്ലെങ്കില്‍ സൗത്ത് ആഫ്രിക്കയുടെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ കരീബിയന്‍ പട ജയിക്കുകയും വേണം. ഇതില്‍ ഏതെങ്കിലും ഒന്ന് സംഭവിച്ചാല്‍ 1-0ന്റെ വിജയമാണെങ്കില്‍ കൂടി ഇന്ത്യക്ക് ഫൈനല്‍ പ്രവേശനം ഉറപ്പാക്കാം.

ഇനി പരമ്പര സമനിലയില്‍ കലാശിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ ഇനിയും സങ്കീര്‍ണമാകും.

പരമ്പര 0-0 എന്ന നിലയില്‍ കലാശിക്കുകയാണെങ്കില്‍ ഇന്ത്യയുടെ പക്കല്‍ 53.24% പോയിന്റ് ഉണ്ടാകും. ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയ 3-0ന് സൗത്ത് ആഫ്രിക്കയെയും വെസ്റ്റ് ഇന്‍ഡീസ് 2-0ന് സൗത്ത് ആഫ്രിക്കയെയും ന്യൂസിലാന്‍ഡ് 2-0ന് ശ്രീലങ്കയെ തോല്‍പിക്കുകയും വേണം.

ഇനി പരമ്പര 1-1നാണ് സമനിലയില്‍ കലാശിക്കുന്നതെങ്കില്‍ ഇന്ത്യക്ക് 55.09% പോയിന്റ് ഉണ്ടാകും. സൗത്ത് ആഫ്രിക്ക തോല്‍ക്കാന്‍ പ്രാര്‍ത്ഥിക്കുക മാത്രമാണ് ഈ സാഹചര്യത്തില്‍ ചെയ്യാന്‍ സാധിക്കുന്നത്.

രണ്ട് മത്സരം വീതം ജയിച്ച് ഇരു ടീമും സമനില പാലിക്കുകയാണെങ്കില്‍ ഓസ്‌ട്രേലിയയുടെയും വിന്‍ഡീസിന്റെയും ന്യൂസിലാന്‍ഡിന്‍രെയും പരമ്പര വിജയം ടീമിനെ രക്ഷിച്ചേക്കും.

അഥവാ ഇനി പരമ്പര തോല്‍ക്കുകയാണെങ്കിലും വളരെ നേരിയ സാധ്യത ഇന്ത്യക്ക് മുമ്പില്‍ ഉണ്ടാകും. അതും 1-0 എന്ന നിലയില്‍ തോറ്റാല്‍ മാത്രം.

അങ്ങനെയെങ്കില്‍ 51.39 പോയിന്റുണ്ടാവും ഇന്ത്യക്കുണ്ടാവുക. സൗത്ത് ആഫ്രിക്ക ശ്രീലങ്ക ടീമുകള്‍ പരമ്പര തോറ്റാല്‍ ഈ സാഹചര്യത്തിലും മെന്‍ ഇന്‍ ബ്ലൂവിന് സാധ്യതയുണ്ട്.

ഇനി 2-0, 3-0,4-0 എന്ന നിലയിലാണ് ഇന്ത്യ തോല്‍ക്കുന്നതെങ്കില്‍ ഇന്ത്യയുടെ വിജയ ശതമാനം 50 ശതമാനത്തിന് താഴെയാവുകയും ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കാതെ വരികയും ചെയ്യും.

 

Content Highlight: India’s World Test Championship final qualification scenario

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.