2022 ടി-20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തറപറ്റിച്ചുകൊണ്ട് ഇന്ത്യ ജൈത്രയാത്രക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ മാസ്മരിക പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
53 പന്തില്‍ നിന്നും പുറത്താവാതെ 82 റണ്‍സ് നേടിയാണ് വിരാട് ഇന്ത്യയുടെ വിജയത്തിന്റെ നെടുംതൂണായത്. മത്സരം തോറ്റു എന്ന് ഉറപ്പിച്ചിടത്ത് നിന്നുമാണ് വിരാടിന്റെ ചിറകിലേറി ഇന്ത്യ ഉയിര്‍ത്തെഴുന്നേറ്റത്.
സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്കൊപ്പം പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയത്തിന് ആധാരമായത്. അവസാന രണ്ട് ഓവര്‍ വരെ പാകിസ്ഥാന് വിജയസാധ്യത കല്‍പിച്ചിടത്ത് നിന്നുമാണ് വിരാട് മത്സരം പിടിച്ചെടുത്തത്.
ദി കംപ്ലീറ്റ് ഷോ സ്റ്റീലര്‍ എന്ന പേരിന് താന്‍ സര്‍വധാ അര്‍ഹനാണ് എന്ന് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 19ാം ഓവറില്‍ വിരാട് വീണ്ടും തെളിയിക്കുകയായിരുന്നു. ഹാരിസ് റൗഫിനെ തുടരെ തുടരെ സിക്‌സറുകള്‍ക്ക് പറത്തിയാണ് വിരാട് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്.
അത്യന്തം നാടകീയത നിറഞ്ഞ അവസാന ഓവറില്‍ 16 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ഹര്‍ദിക്കിനെയും അഞ്ചാം പന്തില്‍ ദിനേഷ് കാര്‍ത്തിക്കിനെയും ഇന്ത്യക്ക് നഷ്ടമായെങ്കിലും വിരാട് എന്ന ഇതിഹാസത്തിന്റെ മനോധൈര്യത്തിന് മുമ്പില്‍ പാകിസ്ഥാന് ഉത്തരമില്ലാതെ പോവുകയായിരുന്നു.
അവസാന പന്തില്‍ അശ്വിന്‍ വിജയ റണ്‍സ് നേടുമ്പോള്‍ ലോകമൊന്നാകെ വിരാടിന് വേണ്ടി കയ്യടിക്കുകായിരുന്നു.
ഇന്ത്യയുടെ വിജയ നിമിഷങ്ങള്‍ അത്രത്തോളം ആവേശോജ്വലമായിരുന്നു. ആ നിമിഷം ചിത്രങ്ങളായപ്പോഴും അതേ ആവേശം നിറഞ്ഞു നിന്നു. ഇന്ത്യയുടെ വിജയ മുഹൂര്‍ത്തങ്ങളിലെ ചില ചിത്രങ്ങള്‍.
Content Highlight: India’s winning moments, India vs Pakistan Melbourne T20