| Tuesday, 29th June 2021, 9:34 am

മോദി സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിയുന്നു; ഈ നിലയില്‍ തുടര്‍ന്നാല്‍ മൂന്നാം കൊവിഡ് തരംഗത്തെ നേരിടാനാകില്ലെന്ന് വിദഗ്ധര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ വീണ്ടും ക്ഷാമം നേരിടുമെന്ന് റിപ്പോര്‍ട്ടുകള്‍. വാക്‌സിനുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിലാണ് അടുത്ത മാസവും വാക്‌സിന്‍ ക്ഷാമമുണ്ടാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ജൂലൈയില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി 12 കോടി വാക്‌സിന്‍ ഡോസ് നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള 10 കോടി കൊവിഷീല്‍ഡ് ഡോസുകളും ഭാരത് ബയോടെകില്‍ നിന്നുള്ള 2 കോടി കൊവാക്‌സിന്‍ ഡോസുകളുമാണ് വിതരണം ചെയ്യുകയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജൂലൈയില്‍ 12 കോടി വാക്‌സിന്‍ നല്‍കിയാല്‍ ഒരു ദിവസം 40 ലക്ഷം ഡോസുകള്‍ എന്ന നിലയിലായിരിക്കും കുത്തിവെയ്പ്പ് നടക്കുക. ദിവസം ഒരു കോടി പേര്‍ക്കെങ്കിലും കുത്തിവെയ്പ്പ് നടത്തണമെന്ന ടാര്‍ഗറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യം വാക്‌സിന്‍ ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

നിലവില്‍ ഒരു ദിവസം 40 ലക്ഷം ഡോസുകള്‍ എന്ന നിലയിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്. അടുത്ത മാസവും സമാനമായ രീതിയില്‍ തുടരുമെന്നാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ നിലയില്‍ കാര്യങ്ങള്‍ തുടര്‍ന്നാല്‍ കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ഇന്ത്യക്ക് സാധിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഡിസംബര്‍ ആകുമ്പോഴേക്കും 135 കോടി കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ 216 കോടി ഡോസ് വാക്‌സിനായിരിക്കും 2021 അവസാനത്തോടെ വിതരണം ചെയ്യാനാകുക എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.

കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തിലെയും ആരോഗ്യവകുപ്പിന്റെ രേഖകളിലെയും ഈ പൊരുത്തക്കേടുകള്‍ വാക്‌സിന്‍ വിതരണം സംബന്ധിച്ച ആശങ്കകള്‍ വര്‍ധിപ്പിക്കുകയാണ്.

കൊവിഷീല്‍ഡിനും കൊവാക്‌സിനും പുറമേ സ്പുട്‌നിക് വി, ബയോ ഇ സബ് യൂണിറ്റ് വാക്‌സിന്‍, സൈഡസ് കാഡിലയുടെ ഡി.എന്‍.എ. വാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ കൂടി വിതരണം ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഇതില്‍ ബയോ ഇ സബ് യൂണിറ്റ് വാക്‌സിനും ഡി.എന്‍.എ. വാക്‌സിനും ഇതുവരെയും കുത്തിവെയ്പ്പിന് അനുമതി ലഭിച്ചിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: India’s Vaccination Pace Unlikely To Pick Up In July, Centre’s Data Shows

We use cookies to give you the best possible experience. Learn more