| Wednesday, 2nd September 2020, 8:57 am

തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റിലും കുത്തനെ കൂടുന്നു; നഗര മേഖലയില്‍ പത്തിലൊരാള്‍ക്ക് ജോലിയില്ലെന്ന് പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ കുത്തനെ വര്‍ധിച്ചതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി(സി.എം.ഐ.ഇ). കാര്‍ഷിക മേഖലയിലും ഔദ്യോഗിക മേഖലയിലും കഴിഞ്ഞ മാസത്തോടെ തൊഴിലില്ലായ്മ നിരക്ക് വഷളായതായി സര്‍വേ വ്യക്തമാക്കുന്നു.

സി.എം.ഐ.ഇയുടെ പുതിയ കണക്കുപ്രകാരം നഗര മേഖലയില്‍ ജൂലൈയിലുണ്ടായിരുന്നതിനെക്കാളും വര്‍ധിച്ച നിരക്കാണ് ഇപ്പോഴുള്ളത്. ജൂലൈയില്‍ 9.15 ശതമാനമായിരുന്നു തൊഴില്ലായ്മ നിരക്കെങ്കില്‍ ഓഗസ്റ്റിലത് 9.83 ശതമാനമായി വര്‍ധിച്ചു. അതായത് നഗര മേഖലയില്‍ പത്ത് പേരില്‍ ഒരാള്‍ക്ക് ജോലിയില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചതായാണ് കാണുന്നത്. ജൂലൈ മാസത്തില്‍ 6.66 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്കെങ്കില്‍ അത് ഓഗസ്റ്റിലെത്തുമ്പോള്‍ 7.65 ശതമാനമായി വര്‍ധിച്ചു.

ലോകത്ത് തന്നെ ജിഡിപി നിരക്കില്‍ ഏറ്റവും മോശമായ സ്ഥിതിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ സാമ്പദ് വ്യവസ്ഥയുടെ കുതിപ്പിന് സര്‍ക്കാര്‍ അടിയന്തരമായ ഇടപെടലുകള്‍ നടത്തണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നതിനിടെയാണ് രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുത്തനെ കൂടുന്നുവെന്ന വാര്‍ത്തയും പുറത്ത് വരുന്നത്.

ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഹരിയാനയാണ്. 33.5 ശതമാനമാണ് ഹരിയാനയിലെ തൊഴിലില്ലായ്മ നിരക്ക്. ത്രിപുരയാണ് രണ്ടാം സ്ഥാനത്ത് 27.9 ശതമാനമാണ് ത്രിപുരയിലെ തൊഴിലില്ലായ്മ നിരക്ക്.

ദേശീയ തൊഴിലില്ലായ്മ നിരക്ക് 7.22 ശതമാനത്തിനും 7.76 ശതമാനത്തിനും ഇടയിലായിരുന്ന കൊവിഡിന് മുമ്പുള്ള ഫെബ്രുവരി ജനുവരി ഡിസംബര്‍ മാസങ്ങളെക്കാള്‍ മോശം സ്ഥിതിയാണ് ഓഗസ്റ്റ് മാസത്തിലേത്.

മൊത്തം തൊഴിലില്ലായ്മ നിരക്കിലും വലിയൊരു വര്‍ധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. അതായത് മുന്നത്തെ മാസങ്ങളില്‍ ഇത് 7.43 ശതമാനമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 8.35 ശതമാനയമായി വര്‍ധിച്ചു.

സാമ്പത്തിക വ്യവസ്ഥ രണ്ട് പാദങ്ങളിലായി ചുരുങ്ങുന്ന സാഹചര്യത്തില്‍ ഇന്ത്യ ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്തിന്റെ ജി.ഡി.പിയുടെ 45 ശതമാനത്തോളം വരുന്ന ഉല്‍പ്പാദനം, നിര്‍മ്മാണം, വ്യാപാരം, ഹോട്ടലുകള്‍, ഗതാഗതം എന്നിവ കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ഇതുവരെയും വീണ്ടെടുക്കാനായിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India’s urban unemployment rate worsens in August, inches up to nearly 10 percent

We use cookies to give you the best possible experience. Learn more