ന്യൂദല്‍ഹി: രാജ്യം 45 വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന തൊഴിലില്ലായ്മയിലെന്ന റിപ്പോര്‍ട്ട് ശരിവച്ച് കേന്ദ്രം. നിലവിലെ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 6.1 ശതമാനമാണെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം സ്ഥിരീകരിച്ചു.
രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ കണക്കുകള്‍ കേന്ദ്രം സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
രാജ്യം 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയിലാണെന്ന എന്‍.എസ്.എസ്.ഒ റിപ്പോര്‍ട്ടായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് പുറത്തായത്. 2017-18 വര്‍ഷത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണെന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് നാലു പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മോദി സര്‍ക്കാര്‍ പൂഴ്ത്തിവെച്ച റിപ്പോര്‍ട്ട് ബിസിനസ്സ് സ്റ്റാന്‍ഡേഡ് പത്രമാണ് പുറത്തുവിട്ടത്.
എന്നാല്‍, ആ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്നായിരുന്നു നീതി ആയോഗിന്റെ പ്രതികരണം. ഇങ്ങനൊരു കണക്ക് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടില്ലെന്നും പൂര്‍ത്തിയാകാത്ത റിപ്പോര്‍ട്ട് അന്തിമമാണെന്ന് പറയാന്‍ കഴിയില്ലെന്നുമായിരുന്നു അന്ന് നീതി ആയോഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. അന്തിമ റിപ്പോര്‍ട്ട് തയ്യാറാകുമ്പോള്‍ സര്‍ക്കാര്‍ അത് പുറത്തുവിടുമെന്നായിരുന്നു അന്നത്തെ വാദം.
അതേസമയം, ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മോദി സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ദേശീയ സ്ഥിതിവിവര ശാസ്ത്ര കമ്മീഷനിലെ രണ്ട് സ്വതന്ത്ര അംഗങ്ങള്‍ രാജിവെക്കുകയും ചെയ്തിരുന്നു.
മോദി വീണ്ടും അധികാരമേറ്റെടുത്തിന് പിന്നാലെ ഇതേ റിപ്പോര്‍ട്ട് സ്ഥിരീകരിച്ച കേന്ദ്രം, ഗ്രാമ പ്രദേശങ്ങളെ അപേക്ഷിച്ച് നഗരത്തിലാണ് തൊഴിലില്ലായ്മ കൂടുതലെന്നും വ്യക്തമാക്കുന്നു. ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 5.3 ശതമാനമാണ്, നഗരങ്ങളിലേത് 7.8 ശതമാനവും. തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണവും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഈ കണക്കുപ്രകാരം സ്ത്രീകളെക്കാള്‍ കൂടുതല്‍ തൊഴില്‍ രഹിതര്‍ പുരുഷന്മാരാണ്. 6.2 ശതമാനം പുരുഷന്മാരും 5.7 ശതമാനം സ്ത്രീകളുമാണ് തൊഴിലില്ലായ്മ നേരിടുന്നത്.
നോട്ടു നിരോധനത്തിന് ശേഷമുളള തൊഴില്‍ നഷ്ടത്തെ കുറിച്ച് പ്രതിപാദിക്കുന്നതിനാലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചിരുന്നതെന്നുള്ള ആരോപണങ്ങളെ സാധൂകരിക്കുകയാണ് കേന്ദ്രത്തിന്റെ നിലവിലെ നിലപാട്. കോടികണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന അവകാശവാദം ഉന്നയിച്ച് ഭരണത്തിലേറിയ മോദിക്കും എന്‍.ഡി.എയ്ക്കും വന്‍ തിരിച്ചടിയായേക്കുമെന്ന ഭയത്തിലാണ് കേന്ദ്രം റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ തയ്യാറാകാതിരുന്നത്.