അന്താരാഷ്ട്ര ക്രിക്കറ്റില്‍ യു.എസ്.എക്കായി അരങ്ങേറ്റം കുറിക്കാന്‍ മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യയെ U19 ലോകകപ്പ് ചൂടിച്ച ക്യാപ്റ്റനുമായ ഉന്‍മുക്ത് ചന്ദ്. ഈ മാര്‍ച്ചില്‍ യു.എസ്.എ ദേശീയ ടീമിന് വേണ്ടി കളിക്കാന്‍ ഉന്‍മുക്ത് ചന്ദിന് യോഗ്യത നേടാന്‍ സാധിക്കും.
യോഗ്യത നേടിയാല്‍ ഈ വര്‍ഷം നടക്കുന്ന ടി-20 ലോകകപ്പിനുള്ള അമേരിക്കന്‍ സ്‌ക്വാഡില്‍ ഇടം നേടാനും ഉന്‍മുക്ത് ചന്ദിനാകും. സ്‌ക്വാഡിലെ മറ്റേത് താരത്തെക്കാളും എക്‌സ്പീരിയന്‍സ് ഉള്ളതിനാലും നേരത്തെ ക്യാപ്റ്റന്റെ റോളില്‍ ആവോളം പരചയ സമ്പത്ത് ഉള്ളതിനാലും ഐ.സി.സി ഇവന്റില്‍ ഇന്ത്യയെ ലോകകപ്പ് ചൂടിച്ചതിനാലും താരത്തിനെ യു.എസ്.എയുടെ ക്യാപ്റ്റന്റെ റോളില്‍ കാണാനും സാധ്യതയേറെയാണ്.
2012 അണ്ടര്‍ 19 ലോകകപ്പിലാണ് ഉന്‍മുക്ത് ചന്ദ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഫൈനലിലും താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. പുറത്താകാതെ 111 റണ്‍സ് നേടിയ ഉന്‍മുക്ത് ചന്ദ് തന്നെയായിരുന്നു ഇന്ത്യയുടെ വിജയശില്‍പിയും.
ആ ലോകകപ്പ് അവസാനിക്കും മുമ്പ് തന്നെ ഇന്ത്യ എ ടീമിലും ചന്ദ് ഇടം നേടി. ശേഷം ടീമിന്റെ നായകസ്ഥാനവും ഏറ്റെടുത്തു. 2016ല്‍ അദ്ദേഹത്തിന് ഇന്ത്യ എ ടീമിലെയും 2017ല്‍ ദല്‍ഹി വിജയ് ഹസാരെ ടീമില്‍ നിന്നും സ്ഥാനം നഷ്ടമായി. രണ്ട് വര്‍ഷത്തിന് ശേഷം ഉത്തരാഖണ്ഡിനായും അദ്ദേഹം ആഭ്യന്തര ക്രിക്കറ്റില്‍ കളത്തിലിറങ്ങി.
ശേഷം 2021 ഓഗസ്റ്റില്‍ അദ്ദേഹം അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു.
ഇന്ത്യന്‍ സീനിയര്‍ ടീമിനായി ഒരിക്കല്‍പ്പോലും കളത്തിലിറങ്ങാന്‍ താരത്തിന് സാധിച്ചിരുന്നില്ല. എങ്കിലും 2013 ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സാധ്യത ടീമിലും 2014 ടി-20 ലോകകപ്പിനുള്ള സാധ്യത ടീമിലും താരം ഇടം നേടി.
ഉന്‍മുക്ത് ചന്ദിന് പുറമെ 2012 U19 ലോകകപ്പില്‍ ഇന്ത്യക്കായി വിജയ റണ്‍ കുറിച്ച സ്മിത് പട്ടേലും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് യു.എസ്.എയിലേക്ക് മാറുകയും സെലക്ഷന് യോഗ്യത നേടുകയും ചെയ്തിരുന്നു. ലോകകപ്പിലെ ഇവരുടെ സഹതാരമായിരുന്ന ഹര്‍മീത് സിങ്ങും ലോകകപ്പില്‍ അമേരിക്കക്കായി കളത്തിലിറങ്ങും.
ഈ വര്‍ഷം നടക്കുന്ന ലോകകപ്പിന് ആതിഥേയത്വം വഹിച്ചതോടെയാണ് അമേരിക്കയും ലോകകപ്പിന് യോഗ്യത നേടിയത്. യു.എസ്.എക്കൊപ്പം വെസ്റ്റ് ഇന്‍ഡീസും ലോകകപ്പിന്റെ ആതിഥേയരാണ്.
ഇന്ത്യക്കൊപ്പം ഗ്രൂപ്പ് എ-യിലാണ് യു.എസ്.എയുടെ സ്ഥാനം. ജൂണ്‍ 12നാണ് ഇന്ത്യ – യു.എസ്.എ പോരാട്ടം. ന്യൂയോര്‍ക്കാണ് വേദി.
ജൂണ്‍ ഒന്നിനാണ് ടി-20 ലോകകപ്പ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ അമേരിക്ക അമേരിക്കാസ് ക്വാളിഫയര്‍ ജയിച്ചെത്തിയ കാനഡയെ നേരിടും. ജൂണ്‍ അഞ്ചിനാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുന്നത്. അയര്‍ലന്‍ഡാണ് എതിരാളികള്‍