| Friday, 29th September 2023, 7:50 am

ഇന്ത്യയുടെ ഭാവിയതാ പാകിസ്ഥാന് വേണ്ടി പന്തെറിയുന്നു; മതിമറന്ന് മോര്‍കല്‍, ഒപ്പം വമ്പന്‍ ഓഫറും...

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് ലോകകപ്പിനായി പാകിസ്ഥാന്‍ ടീം ഇന്ത്യയിലെത്തിയത്. ലോകകപ്പിന് മുമ്പുള്ള സന്നാഹ മത്സരങ്ങള്‍ കളിക്കുന്നതിനായാണ് ബാബറും സംഘവും ഒരാഴ്ച മുമ്പ് ഇന്ത്യന്‍ മണ്ണിലെത്തിയത്. ഇതിന് മുമ്പ് 2016ലാണ് പാകിസ്ഥാന്‍ ദേശീയ ടീം ഇന്ത്യയിലെത്തിയത്.

ഹൈദരാബാദിലാണ് പാകിസ്ഥാന്റെ രണ്ട് സന്നാഹ മത്സരങ്ങളും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ന്യൂസിലാന്‍ഡിനും ഓസ്‌ട്രേലിയക്കുമെതിരെയാണ് പാക് പട വാം അപ് മാച്ചുകള്‍ കളിക്കുക.

സന്നാഹ മത്സരത്തിന് മുമ്പുള്ള പരിശീലനത്തിലാണ് പാക് ടീം. നെറ്റ്‌സില്‍ ഡൊമസ്റ്റിക് ബൗളേഴ്‌സ് അടക്കമുള്ളവര്‍ക്കൊപ്പമാണ് പാകിസ്ഥാന്‍ പരിശീലനത്തിനിറങ്ങിയിരിക്കുന്നത്.

ഹൈദരാബാദില്‍ നിന്നുള്ള അണ്ടര്‍ 19 താരം നിഷാന്ത് സരനുവായിരുന്നു നെറ്റ് സെഷന്റെ സെന്റര്‍ ഓഫ് അട്രാക്ഷന്‍. ആറടി ഒമ്പത് ഇഞ്ചുകാരനായ നിഷാന്ത് പേസ് ബൗളിങ്ങിലൂടെ പാകിസ്ഥാന്‍ ടീമിനെയും കോച്ച് മോണി മോര്‍കലിനെയും അമ്പരപ്പിച്ചിരിക്കുകയാണ്.

പാക് സ്പീഡ്സ്റ്റര്‍മാരായ ഹാരിസ് റൗഫും ഷഹീന്‍ ഷാ അഫ്രിദിയും തങ്ങളുടെ സ്‌പെല്‍ എറിഞ്ഞു തീര്‍ത്തതിന് പിന്നാലെയാണ് മോര്‍കല്‍ നിഷാന്തിനെ പന്തേല്‍പിക്കുന്നത്. പാകിസ്ഥാന്റെ ടെയ്ല്‍ എന്‍ഡേഴ്‌സിനും ഓപ്പണര്‍ ഫഖര്‍ സമാനും വേണ്ടിയാണ് താരം പന്തെറിഞ്ഞത്. അവന്റെ കൃത്യമായ ബൗണ്‍സുകള്‍ കണ്ട് പാകിസ്ഥാന്‍ ടീം ഏറെ ഇംപ്രസ്ഡായിരുന്നു.

‘ഞാനിപ്പോള്‍ 125-130 കിലോ മീറ്റര്‍ വേഗതയില്‍ പന്തെറിയുന്നുണ്ട്. മോണി മോര്‍കല്‍ സാര്‍ എന്റെ പേസ് വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി നെറ്റ്‌സില്‍ പന്തെറിയാന്‍ എത്താന്‍ സാധിക്കുമോ എന്നും അദ്ദേഹം എന്നോട് ചോദിച്ചിരുന്നു,’ നിഷാന്ത് പറഞ്ഞു.

‘റെഡ് ബോള്‍  ക്രിക്കറ്റിലും വൈറ്റ് ബോള്‍ ഫോര്‍മാറ്റിലുമായി കരിയര്‍ പടുത്തുയര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഫസ്റ്റ് ക്ലാസ് ലെവലില്‍ ഹൈദരാബാദിനെ പ്രതിനിധീകരിക്കുകയാണ് എന്റെ പ്രധാന ലക്ഷ്യം,’ നിഷാന്ത് കൂട്ടിച്ചേര്‍ത്തു.

ഓസീസ് പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കിനെയും പാറ്റ് കമ്മിന്‍സിനെയുമാണ് തന്റെ ഹീറോകളായി കാണുന്നത്.

നിഷാന്ത് അടക്കമുള്ള നെറ്റ് ബൗളര്‍മാരോട് പേസ് വര്‍ധിപ്പിക്കാനാണ് മോര്‍കല്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഇതാദ്യമായല്ല നിഷാന്ത് അന്താരാഷ്ട്ര താരങ്ങള്‍ക്ക് വേണ്ടി പന്തെറിയുന്നത്. ഈ വര്‍ഷമാദ്യം നടന്ന ന്യൂസിലാന്‍ഡ് – ഇന്ത്യ പരമ്പരക്ക് മുന്നോടിയായി കിവീസിന് വേണ്ടിയും ഈ ഹൈദരാബാദുകാരന്‍ പന്തെറിഞ്ഞിട്ടുണ്ട്.

വാം അപ് മാച്ചിന് ശേഷമുള്ള രണ്ട് മത്സരങ്ങളും പാകിസ്ഥാന്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് കളിക്കുക. ഇതുകൊണ്ടുതന്നെ നിഷാന്ത് പാകിസ്ഥാന് വേണ്ടി ഇനിയും നെറ്റ്‌സില്‍ പന്തെറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒക്ടബോര്‍ മൂന്നിന് നെതര്‍ലന്‍ഡ്‌സിനെതിരെയും ഒക്ടോബര്‍ പത്തിന് ശ്രീലങ്കക്കുമെതിരെയുമാണ് ഈ മത്സരങ്ങള്‍.

Content highlight:  India’s U19 pacer gets attention in Pakistan’s net session

We use cookies to give you the best possible experience. Learn more