'ഡെമോക്രസിയില്‍ നിന്നും മൊബ്രോക്രസിയിലേക്കുള്ള മാറ്റം പൂര്‍ണ്ണമായി'; തീവ്രവാദിയാവണമെങ്കില്‍ പേര് ഗാസിയെന്നോ ഗസാന്‍ഫര്‍ എന്നോ ആവേണ്ടതില്ലേയെന്നും മെഹ്ബൂബ മുഫ്തി
national news
'ഡെമോക്രസിയില്‍ നിന്നും മൊബ്രോക്രസിയിലേക്കുള്ള മാറ്റം പൂര്‍ണ്ണമായി'; തീവ്രവാദിയാവണമെങ്കില്‍ പേര് ഗാസിയെന്നോ ഗസാന്‍ഫര്‍ എന്നോ ആവേണ്ടതില്ലേയെന്നും മെഹ്ബൂബ മുഫ്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th January 2020, 9:02 pm

ന്യൂദല്‍ഹി: ജാമിയ മിലിയ വെടിവെപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.ഡി.പി പ്രസിഡണ്ട് മെഹ്ബൂബ മുഫ്തി. ജാമിയ വെടിവെപ്പിലൂടെ ജനാധിപത്യത്തില്‍ നിന്നും മോബോക്രസിയിലേക്കുള്ള ഇന്ത്യയുടെ മാറ്റം പൂര്‍ണ്ണമായെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മെഹ്ബൂബ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

‘മഹാത്മാഗാന്ധിയുടെ ചരമ ദിനത്തില്‍ നമ്മള്‍ അദ്ദേഹത്തെ ഓര്‍ക്കുന്ന സാഹചര്യത്തില്‍ തന്നെ ഇന്ത്യ ഡെമോക്രസിയില്‍ നിന്നും മൊബോക്രസിയിലേക്ക് എത്തിയിരിക്കുന്നു.’ മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത കളഞ്ഞതിന് പിന്നാലെ മെഹ്ബൂബ മുഫ്തി അടക്കമുള്ള കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ വീട്ടുതടങ്കലിലാണ്. പിന്നാലെ ആഗസ്റ്റ് 5 മുതല്‍ മെഹ്ബൂബ മുഫ്തിയുടെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. മകള്‍ ഇല്‍ത്തിജ മുഫ്തിയാണ്.

സംഭവത്തിന് പിന്നാലെ നിരവധി ചാനലുകള്‍ പ്രതിയുടെ പേര് ഗോപാല്‍ എന്ന് റിപ്പോര്‍ട്ട് ചെയ്തതായി കാണുന്നു. എന്നാല്‍ അദ്ദേഹം ഒരു തീവ്രവാദിയാവണമെങ്കില്‍ അദ്ദേഹത്തിന്റെ പേര് ഗാസിയെന്നോ ഗസാന്‍ഫര്‍ എന്നോ ആവേണ്ടതില്ലേയെന്നും ട്വിറ്ററിലൂടെ ചോദിക്കുന്നു.

ജാമിഅ കോ.ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജാമിഅ മുതല്‍ രാജ്ഘട്ട് വരെ പൗരത്വ നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും സംഘടിപ്പിച്ച മാര്‍ച്ചിനു നേരെയായിരുന്നു വെടിവെപ്പുണ്ടായത്. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിക്കു വെടിവെപ്പില്‍ പരിക്കേറ്റിരുന്നു .ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്.

പൊലീസ് മാര്‍ച്ച് തടയുന്നതിനിടെ അപ്രതീക്ഷിതമായി ഒരാള്‍ മാര്‍ച്ചിനു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അക്രമി വെടിവെച്ചത്. അക്രമി പൊലീസ് പിടിയിലായി. രാംപഥ് ഗോപാല്‍ എന്നയാളാണ് വെടിവെപ്പ് നടത്തിയത്.

പ്രതിഷേധകര്‍ക്ക് നേരെ വെടിവയ്ക്കാനെത്തിയ ഇയാള്‍ തൊട്ടുമുമ്പ് ‘എന്റെ അവസാനയാത്രയില്‍, എന്നെ കാവി വസ്ത്രം പുതയ്ക്കുക, ജയ് ശ്രീ റാം മുഴക്കുക’ എന്ന് പോസ്റ്റ് ചെയ്ത് കൊണ്ടാണ് എത്തിയത്.
‘ഷഹീന്‍ ബാഘ് ഗെയിം അവസാനിക്കുന്നു’ എന്നും മറ്റൊരു പോസ്റ്റും ഇയാള്‍ ഇട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ജെവാര്‍ സ്വദേശിയാണ് 19 കാരനായ രാം ഗോപാല്‍. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ