| Sunday, 14th July 2024, 10:04 am

ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുമയോടെ ജീവിക്കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യം: അമര്‍ത്യ സെന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒത്തൊരുമയോടെ ജീവിച്ചിരുന്ന പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെന്ന് നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍.

നിരാലംബരായ യുവാക്കള്‍ക്കിടയില്‍ പുസ്തകവായന ശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ അലിപൂര്‍ ജയില്‍ മ്യൂസിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുക്കളും മുസ്‌ലിങ്ങളും ഏകോപനത്തോടെ ജീവിച്ചിരുന്ന ചരിത്രമാണ് ഇന്ത്യക്കുള്ളത്. അത് നമ്മുടെ രാജ്യത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത സഹിഷ്ണുത എന്ന വാക്കിനെ കുറിച്ചും തന്റെ പ്രസംഗത്തില്‍ അദ്ദേഹം പരാമര്‍ശിച്ചു. ആളുകള്‍ നിരന്തരം ആക്രമിക്കപ്പെടുന്നതിനാല്‍ മതസഹിഷ്ണുത എന്ന വാക്കിന് ഇന്ന് ഒരുപാട് പ്രാധാന്യമുണ്ട്. എങ്കിലും ഇതിനെല്ലാം ഉപരി എല്ലാവരും ഒത്തൊരുമയോടെ ജീവിക്കണമെന്ന് തന്നെയാണ് ഈ വാക്ക് അര്‍ത്ഥമാക്കുന്നത്,’ അമര്‍ത്യ സെന്‍ പറഞ്ഞു.

കുട്ടികളില്‍ ഭിന്നിപ്പിന്റെ വിഷാംശങ്ങള്‍ ബാധിക്കാതെ സഹിഷ്ണുതയോടെ അവരെ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ബഹുസ്വര സ്വഭാവത്തെ അട്ടിമറിക്കാന്‍ ആരും ശ്രമിക്കരുതെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ ബഹുസ്വരതയെ ചൂണ്ടിക്കാട്ടി, ഉപനിഷത്തുകള്‍ ഫാര്‍സിയിലേക്ക് വിവര്‍ത്തനം ചെയ്ത ചുരുക്കം ചിലരില്‍ ഒരാളാണ് മുംതാസിന്റെ മകന്‍ ദാരാ ഷിക്കോയെന്നും അദ്ദേഹം പറഞ്ഞു.

‘ഹിന്ദു ഗ്രന്ഥങ്ങളിലും സംസ്‌കൃത ഭാഷയിലും അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. മുംതാസ് ബീഗത്തിന്റെ സ്മരണയ്ക്കായി നിര്‍മിച്ച മഹത്തായ നിര്‍മിതിയായ താജ്മഹലിനെതിരെ ഇപ്പോള്‍ ചിലര്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ്,’ അമര്‍ത്യ സെന്‍ പറഞ്ഞു.

താജ്മഹല്‍ വളരെ മനോഹരവും മഹത്വമുള്ളതുമാണെന്നാണ് ഒരു വിഭാഗം പറയുന്നത്. മറ്റൊരു വിഭാഗം അതൊരു മുസ്‌ലിം ഭരണാധികാരിയുമായി ബന്ധപ്പെട്ടതിനാല്‍ സ്മാരകത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: India’s tradition is Hindus and Muslims living, working together: Amartya Sen

We use cookies to give you the best possible experience. Learn more