| Tuesday, 18th June 2024, 9:31 pm

രാജസ്ഥാന്‍ ആരാധകര്‍ കാത്തിരുന്ന നിമിഷം, സൂപ്പര്‍ താരം ഇന്ത്യന്‍ ടീമിലേക്ക്, ഒപ്പം യുവരക്തങ്ങളും; ലോകകപ്പിന് ശേഷം ഇന്ത്യയിറങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിന് പിന്നാലെ നടക്കുന്ന ഇന്ത്യയുടെ സിംബാബ്‌വന്‍ പര്യടനത്തില്‍ യുവതാരങ്ങള്‍ക്ക് ബി.സി.സി.ഐ അവസരം നല്‍കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐ.പി.എല്ലില്‍ തിളങ്ങിയ ഇന്ത്യയുടെ അടുത്ത തലമുറയിലെ സൂപ്പര്‍ താരങ്ങളെയാണ് ഇന്ത്യ ഹരാരെയിലേക്കയക്കുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം റിയാന്‍ പരാഗ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളായ അഭിഷേക് ശര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, തന്റെ ബൗളിങ് സ്പീഡ് കൊണ്ട് എതിരാളികളെ ഞെട്ടിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മായങ്ക് യാദവ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ഹര്‍ഷിത് റാണ, ആര്‍.സി.ബി താരങ്ങളായ യാഷ് ദയാല്‍, വിജയ്കുമാര്‍ വൈശാഖ് എന്നിവര്‍ക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്‍സൈഡര്‍സ്‌പോര്‍ട്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതില്‍ റിയാന്‍ പരാഗിന്റെ ഇന്ത്യന്‍ ജേഴ്‌സിയിലുള്ള അരങ്ങേറ്റത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഏഷ്യന്‍ ഗെയിംസിലടക്കം നിരവധി തവണ അര്‍ഹിച്ച ഇന്ത്യന്‍ ക്യാപ് താരത്തിന് ലഭിക്കാതെ പോയിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയടക്കമുള്ള ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ തിളങ്ങിയിട്ടും താരത്തെ അപെക്‌സ് ബോര്‍ഡ് കണ്ടതായി നടിച്ചിരുന്നില്ല.

എന്നാല്‍ ഇത്തവണ നടന്ന ഐ.പി.എല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് റിയാന്‍ പരാഗ് തന്റെ സാന്നിധ്യമറിയിച്ചത്. 14 ഇന്നിങ്‌സില്‍ നിന്നും 52.09ശരാശരിയിലും 149.21 സ്‌ട്രൈക്ക് റേറ്റിലും 573 റണ്‍സാണ് താരം സ്വന്തമാക്കിയത്. വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമനും അണ്‍ക്യാപ്ഡ് താരങ്ങളില്‍ ഒന്നാമനുമാണ് റിയാന്‍ പരാഗ്.

പരാഗിനെ പോലെ ഈ ഐ.പി.എല്ലിലൂടെ തന്റെ സാന്നിധ്യമറിയിച്ച താരമാണ് അഭിഷേക് ശര്‍മ. ട്രാവിസ് ഹെഡിനൊപ്പം ഓപ്പണിങ്ങില്‍ വെടിക്കെട്ട് തീര്‍ത്ത താരം സണ്‍റൈസ്സേിന്റെ ചരിത്രത്തിലെ പല റെക്കോഡുകളും തകര്‍ത്തിരുന്നു.

ടീമിന്റെ മിഡില്‍ ഓര്‍ഡറില്‍ കരുത്തായാണ് ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി വരവറിയിച്ചത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വിജയകിരീടമണിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഹര്‍ഷിത് റാണ. 2024 വിക്കറ്റ് വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്ത് ഇടം നേടിയ ഹര്‍ഷിത് വരുണ്‍ ചക്രവര്‍ത്തിക്ക് ശേഷം ഏറ്റവുമധികം വിക്കറ്റ് നേടിയ കെ.കെ.ആര്‍ ബൗളറുമായി. 11 ഇന്നിങ്‌സില്‍ നിന്നും 20.15 ശരാശരിയിലും 9.08 എക്കോണമിയിലും 19വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

ജൂലൈ ആറ് മുതല്‍ 14 വരെയാണ് ഇന്ത്യ സിംബാബ്‌വേയില്‍ പര്യടനം നടത്തുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയാണ് ഇന്ത്യ ഷെവ്‌റോണ്‍സിനെതിരെ കളിക്കുക.

ഇന്ത്യയുടെ സിംബാബ്‌വന്‍ പര്യടനം

ആദ്യ മത്സരം – ജൂലൈ 6 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്

രണ്ടാം മത്സരം – ജൂലൈ 7 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്

മൂന്നാം മത്സരം – ജൂലൈ 10 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്

നാലാം മത്സരം – ജൂലൈ 13 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്

അവസാന മത്സരം – ജൂലൈ 14 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്

Content highlight: India’s tour of Zimbabwe, Reports says BCCI is considering to include young players in the team

We use cookies to give you the best possible experience. Learn more