ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലെ ടി-20 പരമ്പര ആരംഭിച്ചിരിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 13 റണ്‍സിന് പരാജയപ്പെട്ടു.
സിംബാബ്‌വേ ഉയര്‍ത്തിയ 116 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 102ന് പുറത്താവുകയായിരുന്നു.
The match went down till the very last over but it’s Zimbabwe who win the 1st T20I.#TeamIndia will aim to bounce back in the 2nd T20I tomorrow.
തങ്ങളുടെ ടി-20 ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ 120 റണ്‍സോ അതില്‍ താഴെയോ ഉള്ള വിജയലക്ഷ്യം പിന്തുടരുമ്പോള്‍ പരാജയപ്പെടുന്നത്. ഇത്തരത്തില്‍ തുടര്‍ച്ചയായ 21 മത്സരങ്ങള്‍ വിജയിച്ച് മുന്നേറുകയായിരുന്ന ഇന്ത്യയെ ഷെവ്‌റോണ്‍സ് പിടിച്ചുകെട്ടുകയായിരുന്നു.
പല വമ്പന്‍ ടീമുകള്‍ക്കും സാധിക്കാത്തതാണ് റാസയും സംഘവും ഹരാരെയില്‍ ചെയ്തു കാണിച്ചത്. W W W W W W W W W W W W W W W W W W W W W L* എന്നതാണ് 120ല്‍ താഴെയുള്ള റണ്‍സ് പിന്തുടരുമ്പോഴുള്ള ഇന്ത്യയുടെ പ്രകടനം.
ഇതിന് പുറമെ തന്റെ മുന്‍ഗാമികളായ ക്യാപ്റ്റന്‍മാര്‍ക്ക് സാധിക്കാത്ത മറ്റൊരു നേട്ടവും റാസ സ്വന്തമാക്കി. ഇതാദ്യമായാണ് സിംബാബ്‌വേ ഇന്ത്യയുടെ പത്ത് വിക്കറ്റും പിഴുതെറിയുന്നത്.
ഇതിന് പുറമെ അന്താരാഷ്ട്ര ടി-20യില്‍ തോല്‍വിയറിയാതുള്ള ഇന്ത്യന്‍ കുതിപ്പിനും അവസാനമായി. തുടര്‍ച്ചയായ 12 വിജയങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ടി-20ഐയില്‍ പരാജയപ്പെടുന്നത്.
ഹരാരെയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. മികച്ച തുടക്കം ലഭിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ അത് കൃത്യമായി മുതലാക്കുകയും ചെയ്തു. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഇന്നസെന്റ് കയിയയെ ക്ലീന്‍ ബൗള്‍ഡാക്കി മുകേഷ് കുമാറാണ് ഇന്ത്യക്ക് ഏര്‍ളി അഡ്വാന്റേജ് നല്‍കിയത്.
ക്ലൈവ് മദാന്‍ദെ, (25 പന്തില്‍ 29), ഡയോണ്‍ മയേഴ്‌സ് (22 പന്തില്‍ 23), ബ്രയന്‍ ബെറ്ററ്റ് (22 പന്തില്‍ 21), വെസ്‌ലി മധേവരെ (22 പന്തില്‍ 21) എന്നിവര്‍ ചെറുത്തുനിന്നപ്പോള്‍ ആതിഥേയര്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 115 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാപ്പിച്ചു.
രവി ബിഷ്‌ണോയ് തന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ നാല് ഓവര്‍ പന്തെറിഞ്ഞ് 13 റണ്‍സിന് നാല് വിക്കറ്റാണ് താരം നേടിയത്.
ഇതിന് പുറമെ വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആവേശ് ഖാനും മുകേഷ് കുമാറും ഓരോ വിക്കറ്റ് വീതവും നേടി.
116 എന്ന വിജയലക്ഷ്യം ഇന്ത്യ അനായാസം മറകടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സിംബാബ് വേ ബൗളര്‍മാര്‍ ഇന്ത്യക്ക് മുമ്പില്‍ പ്രതിരോധം സൃഷ്ടിച്ചു. ഐ.പി.എല്ലില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ അഭിഷേക് ശര്‍മയും റിയാന്‍ പരാഗുമെല്ലാം വന്നതുപോലെ മടങ്ങിയപ്പോള്‍ ഇന്ത്യ പ്രതിരോധത്തിലായി.
ഇന്ത്യന്‍ നിരയില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് ഇരട്ടയക്കം കണ്ടത്. ഗില്‍ 29പന്തില്‍ 31 റണ്‍സ് നേടിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ 34 പന്തില്‍ 27 റണ്‍സും നേടി. 12 പന്തില്‍ 16 റണ്‍സ് നേടിയ ആവേശ് ഖാനാണ് ഇന്ത്യന്‍ നിരയില്‍ മൂന്നക്കം കണ്ട മറ്റൊരു താരം.
സിംബാബ്‌വേക്കായി ടെന്‍ഡായ് ചതാരയും സിക്കന്ദര്‍ റാസയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ബ്രയന്‍ ബെന്നറ്റ്, ബ്ലെസിങ് മുസബരാനി, വെല്ലിങ്ടണ്‍ മസകാദ്‌സ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.