| Monday, 24th June 2024, 6:41 pm

വിരാടും രോഹിത്തുമില്ല, വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍, ഒപ്പം ആരാധകര്‍ കാത്തിരുന്നവന്റെ അരങ്ങേറ്റവും; ടീം പ്രഖ്യാപിച്ച് ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിന് പിന്നാലെ നടക്കുന്ന ഇന്ത്യയുടെ സിംബാബ്‌വന്‍ പര്യടനത്തിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചു. ശുഭ്മന്‍ ഗില്ലിനെ നായകനാക്കിയാണ് ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ എന്നിവരടക്കമുള്ള വമ്പന്‍ താരങ്ങള്‍ക്ക് പകരം ഐ.പി.എല്ലില്‍ തിളങ്ങിയ ഇന്ത്യയുടെ അടുത്ത തലമുറയിലെ സൂപ്പര്‍ താരങ്ങളെയാണ് ഇന്ത്യ ഹരാരെയിലേക്കയക്കുന്നത്.

ഇതില്‍ റിയാന്‍ പരാഗിന്റെ ഇന്ത്യന്‍ ജേഴ്സിയിലുള്ള അരങ്ങേറ്റത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഏഷ്യന്‍ ഗെയിംസിലടക്കം നിരവധി തവണ അര്‍ഹിച്ച ഇന്ത്യന്‍ ക്യാപ് താരത്തിന് ലഭിക്കാതെ പോയിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയടക്കമുള്ള ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ തിളങ്ങിയിട്ടും താരത്തെ അപെക്സ് ബോര്‍ഡ് കണ്ടതായി നടിച്ചിരുന്നില്ല.

സണ്‍റൈസേഴ്‌സ് വെടിക്കെട്ട് വീരന്‍ അഭിഷേക് ശര്‍മയും നിതീഷ് കുമാര്‍ റെഡ്ഡിയും ഇന്ത്യന്‍ ജേഴ്‌സിയിലെ ആദ്യ മത്സരത്തിനാണ് ഒരുങ്ങുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഹര്‍ഷിത് റാണ ടീമിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അപെക്‌സ് ബോല്‍ഡ് താരത്തിന് അവസരം നല്‍കിയില്ല.

രാജസ്ഥാന്‍ റോയല്‍സില്‍ നിന്നുള്ള നിരവധി താരങ്ങള്‍ സ്‌ക്വാഡിന്റെ ഭാഗമാണ്. സ്‌ക്വാഡിലെ രണ്ട് വിക്കറ്റ് കീപ്പര്‍മാരും പിങ്ക് ആര്‍മിയില്‍ നിന്നുള്ളവരാണ്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, ധ്രുവ് ജുറെല്‍ എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍.

ഇവര്‍ക്ക് പുറമെ യശസ്വി ജെയ്‌സ്വാള്‍, റിയാന്‍ പരാഗ്, ആവേശ് ഖാന്‍ എന്നിവരും സ്‌ക്വാഡിന്റെ ഭാഗമാണ്.

ജൂലൈ ആറ് മുതല്‍ 14 വരെയാണ് ഇന്ത്യ സിംബാബ്‌വേയില്‍ പര്യടനം നടത്തുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയാണ് ഇന്ത്യ ഷെവ്റോണ്‍സിനെതിരെ കളിക്കുക.

സിംബാബ് വന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡേ.

ഇന്ത്യയുടെ സിംബാബ്‌വന്‍ പര്യടനം

ആദ്യ മത്സരം – ജൂലൈ 6 – ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ്

രണ്ടാം മത്സരം – ജൂലൈ 7 – ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ്

മൂന്നാം മത്സരം – ജൂലൈ 10 – ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ്

നാലാം മത്സരം – ജൂലൈ 13 – ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ്

അവസാന മത്സരം – ജൂലൈ 14 – ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ്

Also Read: ഞാൻ അവന്റെ ആരാധകനാണ്, പക്ഷെ അവനെ സച്ചിനുമായി താരതമ്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: വിൻഡീസ് ഇതിഹാസം

Also Read: കഥ പറയുമ്പോളിലെ ആ സീൻ മമ്മൂക്ക ഗംഭീരമായി ചെയ്തു, കണ്ണൊക്കെ നിറഞ്ഞു, പക്ഷെ എഡിറ്റിങ്ങിൽ എനിക്കത് മാറ്റേണ്ടി വന്നു: രഞ്ജൻ എബ്രഹാം

Content Highlight: India’s tour of Zimbabwe BCCI announced squad

We use cookies to give you the best possible experience. Learn more