| Friday, 2nd August 2024, 3:11 pm

ഇതിഹാസത്തിന് വിട നല്‍കി ഇന്ത്യന്‍ ടീം; കറുത്ത ബാന്‍ഡണിഞ്ഞ് ആദ്യ മത്സരത്തിന്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരക്ക് തുടക്കമായിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ ലങ്കന്‍ മണ്ണില്‍ കളിക്കുക. കൊളംബോയിലെ ആര്‍. പ്രേമദാസ സ്‌റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.

മത്സരത്തില്‍ കറുത്ത ആം ബാന്‍ഡണിഞ്ഞാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ബുധനാഴ്ച അന്തരിച്ച മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും പരിശീലകനുമായ അന്‍ഷുമാന്‍ ഗെയ്ക്വാദിനോടുള്ള ആദരസൂചകമായാണ് ഇന്ത്യന്‍ ടീം കറുത്ത ആം ബാന്‍ഡ് ധരിച്ചത്.

ഏറെ നാളായി രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. ഗെയ്ക്വാദിന്റെ ചികിത്സക്കായി ബി.സി.സി.ഐ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

തന്റെ സഹതാരങ്ങളായ മൊഹീന്ദര്‍ അമര്‍നാഥ്, സുനില്‍ ഗവാസ്‌കര്‍, സന്ദീപ് പാട്ടീല്‍, ദിലീപ് വെങ്സര്‍ക്കാര്‍, മദന്‍ ലാല്‍, രവി ശാസ്ത്രി, കീര്‍ത്തി ആസാദ് എന്നിവര്‍ ഗെയ്ക്വാദിന്റെ ചികിത്സക്കായി പണം സമാഹരിക്കുന്നുണ്ടെന്നും കപില്‍ ദേവ് പറഞ്ഞിരുന്നു.

ശേഷം അപെക്‌സ് ബോര്‍ഡ് ഗെയ്ക്വാദിന് സഹായ ധനം കൈമാറിയിരുന്നു.

എന്നാല്‍, അസുഖത്തില്‍ നിന്നും തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച ആരാധകരെയും കപില്‍ ദേവ് അടക്കമുള്ള തന്റെ സഹ താരങ്ങളെയും നിരാശനാക്കിയാണ് ഗെയ്ക്വാദ് അന്തരിച്ചത്.

1975 മുതല്‍ 87 വരെയുള്ള 12 വര്‍ഷക്കാലം ഇന്ത്യക്കായി കളിച്ച താരമാണ് ഗെയ്ക്വാദ്. 40 ടെസ്റ്റും 15 ഏകദിനവും അദ്ദേഹം ഇക്കാലയളവില്‍ കളിച്ചിട്ടുണ്ട്. ഇതിന് പുറമെ രണ്ട് തവണ ഇന്ത്യയുടെ പ്രധാന പരിശീലകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അതേസമയം, മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ മികച്ച തുടക്കമല്ല ആതിഥേയര്‍ക്ക് ലഭിച്ചത്.

ടീം സ്‌കോര്‍ ഏഴില്‍ നില്‍ക്കവെ അവിഷ്‌ക ഫെര്‍ണാണ്ടോയുടെ വിക്കറ്റ് ടീമിന് നഷ്ടമായി. ഏഴ് പന്തില്‍ നിന്നും ഒറ്റ റണ്‍സ് മാത്രമാണ് ലങ്കന്‍ ബാറ്റര്‍ക്ക് കണ്ടെത്താന്‍ സാധിച്ചത്. മുഹമ്മദ് സിറാജിന്റെ പന്തില്‍ അര്‍ഷ്ദീപ് സിങ്ങിന് ക്യാച്ച് നല്‍കിയാണ് ഫെര്‍ണാണ്ടോ പുറത്തായത്.

നിലവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ 19ന് ഒന്ന് എന്ന നിലയിലാണ് ശ്രീലങ്ക. 18 പന്തില്‍ 16 റണ്‍സുമായി പാതും നിസങ്കയും 11 പന്തില്‍ രണ്ട് റണ്‍സുമായി കുശാല്‍ മെന്‍ഡിസുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

ശ്രീലങ്ക പ്ലെയിങ് ഇലവന്‍:

പതും നിസങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), സധീര സമരവിക്രമ, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ജനിത് ലിയനാഗെ, വാനിന്ദു ഹസരങ്ക, ദുനിത് വെല്ലാലഗെ, അഖില ധനഞ്ജയ, അസിത ഫെര്‍ണാണ്ടോ, മുഹമ്മദ് ഷിറാസ്

Content Highlight: India’s tour of Sri Lanka: Team India is wearing black armbands today in memory of former Indian cricketer and coach Aunshuman Gaekwad

We use cookies to give you the best possible experience. Learn more