ചൊവ്വാഴ്ചയാണ് ഇന്ത്യ ശ്രീലങ്ക ടി-20 പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ മൂന്നാം മത്സരത്തിലും വിജയിച്ച് പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു. ഡി.എല്‍.എസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ വിജയം.
#TeamIndia complete a 7 wicket win over Sri Lanka in the 2nd T20I (DLS method) 🙌
നിശ്ചിത ഓവറില്‍ ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടിയിരുന്നു. എന്നാല്‍ മഴയെത്തിയതോടെ എട്ട് ഓവറില്‍ 78 റണ്‍സായി ഇന്ത്യയുടെ വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചു.
എന്നാല്‍ 6.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. 15 പന്തില്‍ 30 റണ്‍സ് നേടിയ യശസ്വി ജെയ്സ്വാളിന്റെയും 12 പന്തില്‍ 26 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്സാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബെഞ്ചിലിരിക്കേണ്ടി വന്ന സഞ്ജു സാംസണ് രണ്ടാം മത്സരത്തില്‍ അവസരം ലഭിച്ചിരുന്നു. ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന് ചെറിയ തോതില്‍ പരിക്കേറ്റതിന് പിന്നാലെയാണ് സഞ്ജുവിന് അവസരം ലഭിച്ചത്.
എന്നാല്‍ ലഭിച്ച അവസരം മുതലാക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. നേരിട്ട ആദ്യ പന്തില്‍ വിക്കറ്റ് നഷ്ടപ്പെടുത്തി സഞ്ജു പുറത്തായി.
അപൂര്‍വമായി മാത്രമാണ് പ്ലെയിങ് ഇലവനില്‍ സഞ്ജുവിന് സ്ഥാനം ലഭിക്കുന്നത്. എന്നാല്‍ ഇത്തവണ നിരാശപ്പെടുത്തിയതോടെ മൂന്നാം മത്സരത്തില്‍ സഞ്ജുവിന്റെ പേര് പ്ലെയിങ് ഇലവനില്‍ ഉണ്ടാകുമോ എന്ന കാര്യം കണ്ടുതന്നെ അറിയണം.
പരിക്ക് മാറി ശുഭ്മന്‍ ടീമിലേക്ക് മടങ്ങിയെത്തിയാല്‍ ടീമില്‍ സഞ്ജുവുണ്ടാകുമോ എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്. താരത്തിന്റെ പരിക്ക് ഭേദമായില്ലെങ്കില്‍ സഞ്ജുവിന് വീണ്ടും ഒരു അവസരം കൂടി ലഭിച്ചേക്കും.
പരമ്പര ഇതിനോടകം തന്നെ സ്വന്തമാക്കിയതിനാല്‍ ഇന്ത്യ മൂന്നാം മത്സരത്തില്‍ പരീക്ഷണത്തിനൊരുങ്ങുമോ എന്നത് ചോദ്യമായി അവശേഷിക്കുന്നുമുണ്ട്.
അതേസമയം, മൂന്നാം മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യക്ക് ടീം വിശ്രമം അനുവദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐ.പി.എല്‍ മത്സരങ്ങളടക്കം കഴിഞ്ഞ നാല് മാസത്തിനിടെ 24 മത്സരങ്ങളാണ് പാണ്ഡ്യ കളിച്ചത്. ഇക്കാരണത്താല്‍ തന്നെ മൂന്നാം മത്സരത്തില്‍ പാണ്ഡ്യക്ക് വിശ്രമം നല്‍കാനുള്ള സാധ്യതയും ഏറെയാണ്.
ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തില്‍ പ്ലെയര്‍ ഓപ് ദി സീരീസായ വാഷിങ്ടണ്‍ സുന്ദറാകും ഹര്‍ദിക്കിന്റെ പകരക്കാരന്‍. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ താരം ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല.