ചാമ്പ്യന്‍സ് ട്രോഫി ഇതാ ഇവിടെ നിന്നും ആരംഭിക്കുന്നു; 2024ലെ ആദ്യ ഏകദിനത്തിന് ഇന്ത്യയിറങ്ങുന്നു
Sports News
ചാമ്പ്യന്‍സ് ട്രോഫി ഇതാ ഇവിടെ നിന്നും ആരംഭിക്കുന്നു; 2024ലെ ആദ്യ ഏകദിനത്തിന് ഇന്ത്യയിറങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 2nd August 2024, 7:56 am

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരക്ക് ഓഗസ്റ്റ് രണ്ടിന് തുടക്കം കുറിക്കുകയാണ്. കൊളംബോ പ്രേമദാസ സ്റ്റേഡിയമാണ് പരമ്പരക്ക് വേദിയാകുന്നത്.

ഈ പര്യടനത്തിലെ ടി-20 പരമ്പര ഇന്ത്യ ക്ലീന്‍ സ്വീപ് ചെയ്ത് സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0ന് ജയിച്ചാണ് സൂര്യകുമാര്‍ തന്റെ ക്യാപ്റ്റന്‍സി ക്യാമ്പെയ്‌ന് വിജയകരമായി തുടക്കം കുറിച്ചത്.

ടി-20 പരമ്പരയെന്ന പോലെ ഏകദിന പരമ്പരയും സ്വന്തമാക്കാണ് ഇന്ത്യയിറങ്ങുന്നത്. 2024ലെ ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പരയാണിത്. ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന ഏക ഏകദിന പരമ്പരയും ഇതുതന്നെ.

നിലവില്‍ തീരുമാനിച്ച ഷെഡ്യൂള്‍ പ്രകാരം 2025 ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി ഇന്ത്യ കളിക്കുന്ന രണ്ട് ഏകദിന പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര.

ഫെബ്രുവരി 19നാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇതിന് തൊട്ടുമുമ്പ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യ കളിക്കും. ഫെബ്രുവരി 6, 9, 12 തീയ്യതികളിലായാണ് പരമ്പരയിലെ മത്സരങ്ങള്‍.

അതേസമയം, ശ്രീലങ്കക്കെതിരായ മത്സരത്തിന്റെ മുന്നൊരുക്കത്തിലാണ് ഇന്ത്യ. പരിശീലകന്‍ ഗൗതം ഗംഭീറിന് കീഴിലുള്ള ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര കൂടിയാണിത്.

സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിച്ചപ്പോള്‍ വിരാട് കോഹ്‌ലി, ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ള സീനിയര്‍ താരങ്ങള്‍ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്.

ഇതിന് മുമ്പ് 2023 ഏഷ്യാ കപ്പിലാണ് ഇന്ത്യ ശ്രീലങ്കയിലെത്തി ഏകദിന മത്സരങ്ങള്‍ കളിച്ചത്. ആദ്യ ഘട്ടത്തിലും ഫൈനല്‍ മത്സരത്തിലും ശ്രീലങ്കയെ ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ തച്ചുനിരത്തിയിരുന്നു.

ഫൈനലില്‍ നാണംകെട്ടാണ് ശ്രീലങ്ക പരാജയപ്പെട്ടത്. മുഹമ്മദ് സിറാജിന്റെ വേഗതക്ക് മുമ്പില്‍ ഉത്തരമില്ലാതെ പോയ ലങ്ക 15.2 ഓവറില്‍ വെറും 50 റണ്‍സിന് ടീം ഓള്‍ ഔട്ടാവുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയാണ് സിറാജ് ഫൈനലില്‍ കരുത്ത് കാട്ടിയത്.

പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, സധീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ, ക്യാപ്റ്റന്‍ ദാസുന്‍ ഷണക എന്നിവരെയാണ് സിറാജ് പുറത്താക്കിയത്. ഫൈനലിലെ താരവും സിറാജ് തന്നെയായിരുന്നു.

അതേസമയം, ബൗളിങ്ങില്‍ ടീമിന്റെ നെടുംതൂണുകളായ സൂപ്പര്‍ താരങ്ങളുടെ പരിക്കാണ് ശ്രീലങ്കക്ക് തിരിച്ചടിയാകുന്നത്. യുവ പേസര്‍ മതീശ പതിരാനക്കും ദില്‍ഷന്‍ മധുശങ്കക്കുമാണ് പരിക്കേറ്റിരിക്കുന്നത്.

 

ഹാംസ്ട്രിങ് ഇന്‍ജുറിക്ക് പിന്നാലെയാണ് മധുശങ്ക പുറത്തായിരിക്കുന്നത്. മൂന്നാം ടി-20യില്‍ ഫീല്‍ഡിങ്ങിനിടെ തോളിന് പരിക്കേറ്റതാണ് പതിരാനക്ക് തിരിച്ചടിയായത്.

മൂന്നാം ടി-20യില്‍ ഒരു ബൗണ്ടറി സേവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പതിരാനക്ക് പരിക്കേറ്റത്. പരിക്കിന് പിന്നാലെ താരം കളം വിടുകയും ചെയ്തിരുന്നു. മൂന്നാം മത്സരത്തില്‍ ഒറ്റ പന്ത് പോലും എറിയാതെയായിരുന്നു പതിരാന പുറത്തായത്. പ്രാക്ടീസ് സെഷനിടെയാണ് മധുശങ്കക്ക് പരിക്കേറ്റത്.

ഇവരുടെ പരിക്കിന് പിന്നാലെ മുഹമ്മദ് ഷിറാസിനെയും ഇഷാന്‍ മലിംഗയെയും ശ്രീലങ്ക ടീമിലെത്തിച്ചിട്ടുണ്ട്. ഇതിന് പുറമെ കുശാല്‍ ജെനിത്, പ്രമോദ് മധുഷാന്‍, ജെഫ്രി വാന്‍ഡെര്‍സേ എന്നിവരെ സ്റ്റാന്‍ഡ് ബൈ ആയും സ്‌ക്വാഡിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

 

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം, ഏകദിന പരമ്പര

ആദ്യ മത്സരം: ഓഗസ്റ്റ് 2, വെള്ളി – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

രണ്ടാം മത്സരം: ഓഗസ്റ്റ് 4, ഞായര്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

അവസാന മത്സരം: ഓഗസ്റ്റ് 7, ബുധന്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

 

ഇന്ത്യ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, റിയാന്‍ പരാഗ്, അക്‌സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ.

ശ്രീലങ്ക സ്‌ക്വാഡ്

ചരിത് അസലങ്ക (ക്യാപ്റ്റന്‍), പാതും നിസങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്, സധീര സമരവിക്രമ, കാമിന്ദു മെന്‍ഡിസ്, ജനിത് ലിയനാഗെ, നിഷന്‍ മധുഷ്‌ക, വാനിന്ദു ഹസരങ്ക, ദുനിത് വെല്ലാലാഗെ, ചമീക കരുണരത്നെ, മഹീഷ് തീക്ഷണ, അഖില ധനഞ്ജയ, മുഹമ്മദ് ഷിറാസ്, ഇഷാന്‍ മലിംഗ, അസിത ഫെര്‍ണാണ്ടോ.

 

 

 

 

 

Content Highlight: India’s tour of Sri Lanka: ODI series starts today