ടി-20 പരമ്പര നാണംകെട്ട് തോറ്റ ശ്രീലങ്കക്ക് ഇരട്ട തിരിച്ചടി; ധോണിയുടെ ശിക്ഷണത്തില്‍ വളര്‍ന്നവനും പുറത്ത്
Sports News
ടി-20 പരമ്പര നാണംകെട്ട് തോറ്റ ശ്രീലങ്കക്ക് ഇരട്ട തിരിച്ചടി; ധോണിയുടെ ശിക്ഷണത്തില്‍ വളര്‍ന്നവനും പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st August 2024, 1:24 pm

ഇന്ത്യയുടെ ശ്രിലങ്കന്‍ പര്യടനത്തിലെ ടി-20 പരമ്പരയില്‍ സന്ദര്‍ശകര്‍ വിജയിച്ചിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ക്ലീന്‍ സ്വീപ് ചെയ്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

ടി-20 പരമ്പരക്ക് പിന്നാലെ ഇന്ത്യ – ശ്രീലങ്ക ഏകദിന പരമ്പരയാണ് നടക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ഇന്ത്യ ശ്രീലങ്കയിലെത്തിയത്.

എന്നാല്‍ ഏകദിന പരമ്പരക്ക് മുമ്പ് ശ്രീലങ്കക്ക് തിരിച്ചടിയേറ്റിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നുവാന്‍ തുഷാരയ്ക്കും ദുഷ്മന്ത ചമീരക്കും പിന്നാലെ മതീശ പതിരാനയും ദില്‍ഷന്‍ മധുശങ്കയും പരിക്കേറ്റ് പുറത്തായിരിക്കുകയാണ്.

ഹാംസ്ട്രിങ് ഇന്‍ജുറിക്ക് പിന്നാലെയാണ് മധുശങ്ക പുറത്തായിരിക്കുന്നത്. മൂന്നാം ടി-20യില്‍ ഫീല്‍ഡിങ്ങിനിടെ തോളിന് പരിക്കേറ്റതാണ് പതിരാനക്ക് തിരിച്ചടിയായത്.

നേരത്തെ പരിക്കേറ്റ തുഷാരയ്ക്കും ചമീരയ്ക്കും ടി-20 പരമ്പരയും നഷ്ടമായിരുന്നു. നുവാന്‍ തുഷാരയുടെ തള്ളവിരലിന് പരിക്കേല്‍ക്കുകയായിരുന്നു. അതേസമയം, അസുഖബാധിതനായതോടെയാണ് ചമീരക്ക് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കാതെ പോയത്.

മതിശ പതിരാനയുടെ തോളിന് പരിക്കേറ്റിരിക്കുകയാണ്. കഴിഞ്ഞ ലോകകപ്പിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഇക്കാരണത്താല്‍ റിസ്‌ക് എടുക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നില്ല,’ ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ ടീം മാനേജര്‍ മഹീന്ദ ഹാലങ്കോട പറഞ്ഞു.

 

മൂന്നാം ടി-20യില്‍ ഒരു ബൗണ്ടറി സേവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പതിരാനക്ക് പരിക്കേറ്റത്. പരിക്കിന് പിന്നാലെ താരം കളം വിടുകയും ചെയ്തിരുന്നു. മൂന്നാം മത്സരത്തില്‍ ഒറ്റ പന്ത് പോലും എറിയാതെയായിരുന്നു പതിരാന പുറത്തായത്.

പ്രാക്ടീസ് സെഷനിടെയാണ് മധുശങ്കക്ക് പരിക്കേറ്റത്.

ഇവരുടെ പരിക്കിന് പിന്നാലെ അണ്‍ക്യാപ്ഡ് താരമായ വലംകയ്യന്‍ സീമര്‍ മുഹമ്മദ് ഷിറാസിനെ ശ്രീലങ്ക ടീമിലെത്തിച്ചിട്ടുണ്ട്. മറ്റൊരു പേസറെ ടീം ഉടന്‍ പ്രഖ്യാപിച്ചേക്കും.

അതേസമയം, ടി-20 പരമ്പരക്ക് ശേഷമുള്ള ഏകദിന പരമ്പരക്കുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. ഓഗസ്റ്റ് രണ്ടിനാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. കൊളംബോയാണ് വേദി.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം, ഏകദിന പരമ്പര

ആദ്യ മത്സരം: ഓഗസ്റ്റ് 2, വെള്ളി – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

രണ്ടാം മത്സരം: ഓഗസ്റ്റ് 4, ഞായര്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

അവസാന മത്സരം: ഓഗസ്റ്റ് 7, ബുധന്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

ഇന്ത്യ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, റിയാന്‍ പരാഗ്, അക്സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ.

 

Content Highlight: India’s tour of Sri Lanka: Matheesha Pathirana and Dilshan Madhushanka ruled out