| Wednesday, 24th July 2024, 1:59 pm

ടീം പ്രഖ്യാപിച്ചു, പിറ്റേന്ന് തന്നെ തിരിച്ചടി; സൂപ്പര്‍ താരം പുറത്ത്, ഇടിവെട്ടേറ്റ് ശ്രീലങ്ക

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്നും ശ്രീലങ്കന്‍ സൂപ്പര്‍ താരം ദുഷ്മന്ത് ചമീര പുറത്ത്. പരിക്കിന് പിന്നാലെയാണ് താരത്തിന് ലങ്കയ്ക്ക് വേണ്ടി കളത്തിലിറങ്ങാന്‍ സാധിക്കാതെ വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ശ്രീലങ്ക ഇന്ത്യക്കെതിരെയുള്ള ടി-20 ടീമിനെ പ്രഖ്യാപിച്ചത്. സൂപ്പര്‍ താരം ചരിത് അസലങ്കയെ നായകനാക്കിയാണ് ലങ്ക ടീമൊരുക്കിയത്. ചമീരയടക്കമുള്ള ബൗളര്‍മാര്‍ തന്നെയായിരുന്നു ടീമിന്റെ കരുത്ത്.

ലോകകപ്പ് വിജയിച്ചെത്തിയ ഇന്ത്യക്കെതിരെ സ്വന്തം തട്ടകത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന ലങ്കയുടെ മോഹങ്ങള്‍ക്ക് കൂടിയാണ് ചമീരയുടെ പരിക്കോടെ തിരിച്ചടിയേറ്റിരിക്കുന്നത്. അനുഭവ സമ്പത്തുള്ള വലം കയ്യന്‍ പേസറുടെ അഭാവം ലങ്കയെ വലയ്ക്കുമെന്നുറപ്പാണ്.

പരമ്പരക്ക് മുമ്പ് ശ്രീലങ്ക ചമീരയുടെ പകരക്കാകരനെ പ്രഖ്യാപിക്കും.

2015ലാണ് ചമീര ലങ്കക്കായി അരങ്ങേറ്റം കുറിച്ചത്. ശ്രീലങ്കക്കായി 55 ടി-20 കളിച്ച താരം 55 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 28.87 ശരാശരിയിലും 21.4 എന്ന മോശമല്ലാത്ത സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന ചമീരയുടെ എക്കോണമി 8.08 ആണ്. 17 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ഇതിന് പുറമെ പന്തെറിഞ്ഞ 51 ഏകദിന മത്സരത്തില്‍ നിന്നും 56 വിക്കറ്റും 12 ടെസ്റ്റില്‍ നിന്നും 32 വിക്കറ്റും ഈ 32കാരന്‍ തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

അതേസമയം, ജൂലൈ 27നാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ പരമ്പര നടക്കുന്നത്. പല്ലേക്കലെയാണ് വേദി.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം, ടി-20 പരമ്പര

ആദ്യ മത്സരം: ജൂലൈ 27, ശനി – പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.

രണ്ടാം മത്സരം: ജൂലൈ 28, ഞായര്‍ – പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.

അവസാന മത്സരം: ജൂലൈ 30, ചൊവ്വ – പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.

ശ്രീലങ്ക ടി-20 സ്‌ക്വാഡ്

ചരിത് അസലങ്ക (ക്യാപ്റ്റന്‍), പാതും നിസങ്ക, കുശാല്‍ പെരേര, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്, ദിനേശ് ചണ്ഡിമല്‍, കാമിന്ദു മെന്‍ഡിസ്, ദാസുന്‍ ഷനക, വാനിന്ദു ഹസരംഗ, ദുനിത് വെല്ലാലഗെ, മഹേഷ് തീക്ഷണ, ചാമിന്ദു വിക്രമസിന്‍ഗെ, മതീശ പതിരാന, നുവാന്‍ തുഷാര, ബിനുര ഫെര്‍ണാണ്ടോ.

ഇന്ത്യ ടി-20 സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്സ്വാള്‍, റിങ്കു സിങ്, റിയാന്‍ പരാഗ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്.

Content highlight: India’s tour of Sri Lanka: Dushmantha Chameera ruled out

We use cookies to give you the best possible experience. Learn more