ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം മത്സരം പല്ലേക്കലെയില്‍ തുടരുകയാണ്. ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യക്ക് രണ്ടാം മത്സരത്തിലും വിജയിക്കാന്‍ സാധിച്ചാല്‍ പരമ്പര സ്വന്തമാക്കാന്‍ സാധിക്കും.
മഴ കാരണം ടോസിങ് വൈകിയ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
സ്വന്തം തട്ടകത്തില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. കുശാല്‍ പെരേരയുടെ അര്‍ധ സെഞ്ച്വറിയും പാതും നിസങ്കയുടെ ഇന്നിങ്‌സുമാണ് ശ്രീലങ്കക്ക് മോശമല്ലാത്ത ടോട്ടല്‍ സമ്മാനിച്ചത്.
പെരേര 34 പന്തില്‍ 53 റണ്‍സ് നേടി. ആറ് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 155.88 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
24 പന്തില്‍ 32 റണ്‍സ് നേടിയാണ് നിസങ്ക പുറത്തായത്. അഞ്ച് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇവര്‍ക്ക് പുറമെ 23 പന്തില്‍ 26 റണ്‍സ് നേടിയ കാമിന്ദു മെന്‍ഡിസിന്റെ ഇന്നിങ്‌സും ടീമിന് തുണയായി.
ഒരുവേള 15 ഓവറില്‍ രണ്ട് വിക്കറ്റിന് 130 എന്ന നിലയിലായിരുന്നു ലങ്കന്‍ സ്‌കോര്‍. ടീം മികച്ച സ്‌കോറിലേക്ക് പറക്കുമെന്ന് കരുതിയെങ്കിലും അടുത്ത അഞ്ച് ഓവറില്‍ ബൗളര്‍മാര്‍ ടീമിനെ പിടിച്ചുകെട്ടി.
അവസാന അഞ്ച് ഓവറില്‍ വെറും 31 റണ്‍സ് മാത്രമാണ് ശ്രീലങ്കക്ക് നേടാന്‍ സാധിച്ചത്. ഏഴ് വിക്കറ്റുകളും നഷ്ടമായി.
ഇന്ത്യക്കായി രവി ബിഷ്‌ണോയ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.
അവസാന അഞ്ച് ഓവറില്‍ ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ അര്‍ഷ്ദീപ് ഒരു വിക്കറ്റും അവസാന 30 പന്തിനിടെ തന്റെ പേരില്‍ കുറിച്ചു.
162 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ മൂന്ന് പന്തില്‍ ആറ് എന്ന നിലയില്‍ നില്‍ക്കവെ മഴയെത്തിയിരിക്കുകയാണ്. ആറ് റണ്‍സുമായി ജയ്‌സ്വാളും ഒരു പന്ത് പോലും നേരിടാതെ സഞ്ജു സാംസണുമാണ് ക്രീസില്‍.
ഇന്ത്യ പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍, റിഷബ് പന്ത്, സൂര്യകുമാര്‍ യാദവ്, റിയാന്‍ പരാഗ്, റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.
ശ്രീലങ്ക പ്ലെയിങ് ഇലവന്‍
പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുശാല്‍ പെരേര, കാമിന്ദു മെന്‍ഡിസ്, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ദാസുന്‍ ഷണക, വാനിന്ദു ഹസരങ്ക, രമേഷ് മെന്‍ഡിസ്, മഹീഷ് തീക്ഷണ, മതീശ പതിരാന, അസിത ഫെര്‍ണാണ്ടോ.
Content Highlight: India’s tour of Sri Lanka, 2nd T20I updates