സഞ്ജുവിന്റെ അന്തകന്‍ സഞ്ജുവിന്റെ പ്രിയപ്പെട്ടവനെയും വീഴ്ത്തി, ആദ്യ പന്തില്‍ ജെയ്‌സ്വാള്‍ പുറത്ത്
Sports News
സഞ്ജുവിന്റെ അന്തകന്‍ സഞ്ജുവിന്റെ പ്രിയപ്പെട്ടവനെയും വീഴ്ത്തി, ആദ്യ പന്തില്‍ ജെയ്‌സ്വാള്‍ പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 27th July 2024, 7:55 pm

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ടി-20 പരമ്പര ആരംഭിച്ചിരിക്കുകയാണ്. പല്ലേക്കലെ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. സൂര്യകുമാറിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയിറങ്ങുമ്പോള്‍ ചരിത് അസലങ്കയാണ് ശ്രീലങ്കയെ നയിക്കുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ലങ്കന്‍ നായകന്‍ ബൗളിങ് തെരഞ്ഞെടുത്തു.

പവര്‍പ്ലേയില്‍ മികച്ച സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. ഇന്നിങ്‌സിലെ ആദ്യ പന്ത് മുതല്‍ക്കുതന്നെ ആക്രമിച്ചുകളിച്ച ഗില്‍ – ജെയ്‌സ്വാള്‍ സഖ്യം അതിവേഗം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

ആറ് ഓവര്‍ അവസാനിച്ചപ്പോള്‍ 74ന് ഒന്ന് എന്ന നിലയിലായിരുന്നു ഇന്ത്യ.

ആറാം ഓവറിലെ അവസാന പന്തിലാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 16 പന്തില്‍ 34 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കി ദില്‍ഷന്‍ മധുശങ്കയാണ് ലങ്കക്കാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. അസിത ഫെര്‍ണാണ്ടോക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

പവര്‍പ്ലേക്ക് ശേഷം ഹസരങ്കയെ പന്തേല്‍പിച്ച ലങ്കന്‍ നായകന്‍ അസലങ്കയുടെ തന്ത്രം ഫലിച്ചു. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ഹസരങ്ക ഇന്ത്യയെ ഞെട്ടിച്ചു.

ഹസരങ്കയുടെ സ്പിന്‍ കൃത്യമായി ജഡ്ജ് ചെയ്യാന്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന ജെയ്‌സ്വാളിന് സാധിച്ചില്ല. വിക്കറ്റിന് പിറകില്‍ കുശാല്‍ മെന്‍ഡിസ് തന്റെ ജോലി ഭംഗിയായി പൂര്‍ത്തിയാക്കിയപ്പോള്‍ അടുത്തടുത്ത പന്തുകളില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി.

21 പന്തില്‍ 40 റണ്‍സ് നേടിയാണ് ജെയ്‌സ്വാള്‍ പുറത്തായത്. ടി-20യില്‍ സഞ്ജു സാംസണെ ബണ്ണിയാക്കിയ ഹസരങ്ക ആദ്യ ഇന്നിങ്‌സില്‍ സഞ്ജുവിന്റെ പ്രിയപ്പെട്ടവനെയും പുറത്താക്കിയിരിക്കുകയാണ്.

അതേസമയം, നിലവില്‍ എട്ട് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വിക്കറ്റിന് 98 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ആറ് പന്തില്‍ 19 റണ്‍സുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അഞ്ച് പന്തില്‍ അഞ്ച് റണ്‍സുമായി റിഷബ് പന്തുമാണ് ക്രീസില്‍.

 

ഇന്ത്യ പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത്, സൂര്യകുമാര്‍ യാദവ്, റിയാന്‍ പരാഗ്, റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

ശ്രീലങ്ക പ്ലെയിങ് ഇലവന്‍

പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുശാല്‍ പെരേര, ചരിത് അസലങ്ക (ക്യാപ്റ്റന്‍), വാനിന്ദു ഹസരങ്ക, ദാസുന്‍ ഷണക, മഹീഷ് തീക്ഷണ, മതീശ പതിരാന, അസിത ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുശങ്ക.

 

 

Content Highlight: India’s Tour of Sri Lanka: 1st T20: Wanindu Hasaranga dismissed Yashaswi Jaiswal