ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ടി-20 പരമ്പര ആരംഭിച്ചിരിക്കുകയാണ്. പല്ലേക്കലെ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. സൂര്യകുമാറിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയിറങ്ങുമ്പോള്‍ ചരിത് അസലങ്കയാണ് ശ്രീലങ്കയെ നയിക്കുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ലങ്കന്‍ നായകന്‍ ബൗളിങ് തെരഞ്ഞെടുത്തു.
സൂപ്പര്‍ താരം മുഹമ്മദ് സിറാജും ഇന്ത്യന്‍ പ്ലെയിങ് ഇലവന്റെ ഭാഗമാണ്. പരിശീലനത്തിനിടെ പരിക്കേറ്റ താരത്തിന് ആദ്യ മത്സരം നഷ്ടമായേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ സിറാജ് ഇന്ത്യന്‍ ടീമിന്റെ ബൗളിങ് യൂണിറ്റിനെ നയിക്കാന്‍ തിരിച്ചെത്തിയിരിക്കുകയാണ്.
ശ്രീലങ്കക്കെതിരെ കളത്തിലിറങ്ങിയപ്പോഴെല്ലാം തിളങ്ങിയ സിറാജില്‍ തന്നെയാണ് ഇന്ത്യ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.
ഫോര്‍മാറ്റ് ഏത് തന്നെയായാലും ശ്രീലങ്കക്കെതിരെ എല്ലായ്പ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് സിറാജിന്റെ ശീലം. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലും കഴിഞ്ഞ ഏഷ്യാ കപ്പിലുമെല്ലാം വെടിക്കെട്ട് പ്രകടനമാണ് താരം പുറത്തെടുത്തത്.
ഏഷ്യാ കപ്പ് ഫൈനലില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ശ്രീലങ്കയുടെ പതനം അതിവേഗത്തിലാക്കിയത്. വെറും 15.2 ഓവറില്‍ ലങ്ക 50 റണ്‍സിന് പുറത്താവുകയായിരുന്നു. പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, സധീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ, ക്യാപ്റ്റന്‍ ദാസുന്‍ ഷണക എന്നിവരെയാണ് സിറാജ് പുറത്താക്കിയത്. ഫൈനലിലെ താരവും സിറാജ് തന്നെയായിരുന്നു.
അതേസമയം, ലോകകപ്പിന് ശേഷം ഇന്ത്യന്‍ സബ്‌കോണ്ടിനെന്റില്‍ ഇന്ത്യ കളിക്കുന്ന ആദ്യ മത്സരമാണിത്. ലോകകപ്പിന് ശേഷം നടന്ന ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തില്‍ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ലങ്കയും കീഴടക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്.