ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടി-20യില്‍ വിജയത്തോടെ തുടങ്ങി സന്ദര്‍ശകര്‍. ശ്രീലങ്കക്കെതിരെ 43 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്ക 170 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു.
നായകന്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.
മത്സരത്തില്‍ സൂര്യകുമാറിന് പുറമെ ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത് എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.
ജെയ്‌സ്വാള്‍ 21 പന്തില്‍ 40 റണ്‍സടിച്ച് പുറത്തായപ്പോള്‍ 16 പന്തില്‍ 34 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. 33 പന്തില്‍ 49 റണ്‍സ് നേടിയാണ് റിഷബ് പന്ത് മടങ്ങിയത്.
ശ്രീലങ്കക്കായി മതീശ പതിരാന നാല് വിക്കറ്റ് വീഴ്ത്തി. വാനിന്ദു ഹസരങ്ക, അസിത ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുശങ്ക എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
214 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 55 റണ്‍സാണ് ശ്രീലങ്ക നേടിയത്.
84 റണ്‍സിന്റെ കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റില്‍ പാതും നിസങ്കയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
27 പന്തില്‍ 45 റണ്‍സ് നേടിയ മെന്‍ഡിസിനെ മടക്കി അര്‍ഷ്ദീപ് സിങ്ങാണ് ഇന്ത്യക്കാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്.
മെന്‍ഡിസ് പുറത്തായെങ്കിലും പിന്നാലെയെത്തിയ കുശാല്‍ പെരേരയെ കൂട്ടുപിടിച്ച് പാതും നിസങ്ക സ്‌കോര്‍ ഉയര്‍ത്തി. 48 പന്തില്‍ 79 റണ്‍സാണ് താരം നേടിയത്. നാല് സിക്‌സറും ഏഴ് ഫോറും അടക്കം 164.58 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സ്‌കോര്‍ ചെയ്തത്.
ടീം സ്‌കോര്‍ 140ല്‍ നില്‍ക്കവെ നിസങ്കയെ അക്‌സര്‍ പട്ടേല്‍ മടക്കിയതോടെ കളി ഇന്ത്യയുടെ കൈകളിലേക്ക് തിരിച്ചുവന്നു. രണ്ടാം വിക്കറ്റിന് ശേഷം മികച്ച സ്‌കോര്‍ സ്വന്തമാക്കാനോ കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ ഇന്ത്യന്‍ ബൗളര്‍മാര്‍ എതിരാളികളെ അനുവദിച്ചില്ല.
ഒടുവില്‍ 170ന് റിയാന്‍ പരാഗിലൂടെ പത്താം വിക്കറ്റും പിഴുതെറിഞ്ഞ് ഇന്ത്യ വിജയം സ്വന്തമാക്കി.
ഇന്ത്യക്കായി റിയാന്‍ പരാഗ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അര്‍ഷ്ദീപ് സിങ്ങും അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം നേടി. മുഹമ്മദ് സിറാജും രവി ബിഷ്‌ണോയിയുമാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
ഈ വിജയത്തിന് പിന്നാലെ 1-0ന് മുമ്പിലെത്താനും ഇന്ത്യക്കായി.
മത്സരത്തില്‍ വിജയിച്ചെങ്കിലും ഇന്ത്യന്‍ ടീമിന്റെ പല പോരായ്മകളും ദൗര്‍ബല്യങ്ങളും മത്സരത്തിലുടനീളം നിഴലിച്ചുനിന്നു. ഫീല്‍ഡിങ് പിഴവുകളും ഓവര്‍ ത്രോകളും ലങ്കന്‍ ഇന്നിങ്‌സിനെ പലപ്പോഴായി സഹായിച്ചിരുന്നു. വരും മത്സരങ്ങളില്‍ ഈ പോരായ്മകള്‍ മറികടന്നെങ്കില്‍ മാത്രമേ മികച്ച വിജയം ഇന്ത്യക്ക് പ്രതീക്ഷിക്കാന്‍ സാധിക്കൂ.
ഞായറാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം. പല്ലേക്കലെയാണ് വേദി.
Content highlight: India’s tour of Sri Lanka: 1st T20: India defeated Sri Lanka