'സിംപതി കാര്‍ഡിന് എത്രത്തോളം വിലയുണ്ടെന്നറിയാന്‍ അപകടശേഷമുള്ള പന്തിന്റെ കരിയര്‍ നോക്കുക'; ആരാധക രോഷത്തില്‍ നീറി പന്ത്
Sports News
'സിംപതി കാര്‍ഡിന് എത്രത്തോളം വിലയുണ്ടെന്നറിയാന്‍ അപകടശേഷമുള്ള പന്തിന്റെ കരിയര്‍ നോക്കുക'; ആരാധക രോഷത്തില്‍ നീറി പന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 27th July 2024, 10:23 pm

 

 

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടി-20 മത്സരം പല്ലേക്കലെയില്‍ പുരോഗമിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടി.

ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ ആക്രമിച്ചുകളിച്ച ഇന്ത്യ, ശ്രീലങ്കയില്‍ തങ്ങളുടെ ഏറ്റവുമുയര്‍ന്ന ടി-20 സ്‌കോര്‍ കൂടിയാണ് പടുത്തുയര്‍ത്തിയത്.

നായകന്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.

മത്സരത്തില്‍ സൂര്യകുമാറിന് പുറമെ ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത് എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

ജെയ്‌സ്വാള്‍ 21 പന്തില്‍ 40 റണ്‍സടിച്ച് പുറത്തായപ്പോള്‍ 16 പന്തില്‍ 34 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. 33 പന്തില്‍ 49 റണ്‍സ് നേടിയാണ് റിഷബ് പന്ത് മടങ്ങിയത്.

പന്തിന്റെ ഇന്നിങ്‌സിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. പന്തിനൊപ്പം ക്രീസില്‍ നിന്ന സൂര്യകുമാര്‍ യാദവും നേരത്തെ പുറത്തായ ഗില്ലും ജെയ്‌സ്വാളുമെല്ലാം 200 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയപ്പോള്‍ വളരെ പതിഞ്ഞാണ് പന്ത് ബാറ്റ് ചെയ്തത്.

ഒരുവേള 23 പന്തില്‍ 20 റണ്‍സാണ് താരം നേടിയത്. പല തവണ ഫീല്‍ഡര്‍മാര്‍ താരത്തിന് ജീവന്‍ നല്‍കിയിരുന്നു. ലങ്കന്‍ ബൗളര്‍മാര്‍ നല്‍കിയ രണ്ട് ഫുള്‍ടോസുകള്‍ സിക്‌സറും ഫോറുമാക്കി സ്വന്തം നില സംരക്ഷിക്കാന്‍ പന്തിന് സാധിച്ചിരുന്നെങ്കിലും ഇന്ത്യയുടെ മൊമെന്റം കുറഞ്ഞതില്‍ പന്തിന്റെ പങ്ക് വളരെ വലുതായിരുന്നു.

ഇതിന് പിന്നാലെയാണ് ആരാധകര്‍ റിഷബ് പന്തിന്റെ ബാറ്റിങ്ങിനെതിരെ രംഗത്തെത്തിയത്.

‘ഇന്ത്യന്‍ ടീമില്‍ സിംപതി കാര്‍ഡിന് എത്രത്തോളം വിലയുണ്ടെന്നറിയാന്‍ അപകട ശേഷമുള്ള പന്തിന്റെ കരിയറിലൂടെ കണ്ണോടിക്കുക’, ‘പന്തിനെക്കാള്‍ വൃദ്ധിമാന്‍ സാഹയെ ഞാന്‍ തെരഞ്ഞെടുക്കും, കാരണം പന്ത് അത്രത്തോളം മോശമാണ്’, ‘പന്തിന്റെ ബാറ്റിങ് കാണുന്നത് തന്നെ വേദനയുണ്ടാക്കുന്നു’ എന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്.

അതേസമയം, വിജയത്തിനായി ലങ്ക പൊരുതുകയാണ്. നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ 149ന് മൂന്ന് എന്ന നിലയിലാണ് ശ്രീലങ്ക.

ഇന്ത്യ പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത്, സൂര്യകുമാര്‍ യാദവ്, റിയാന്‍ പരാഗ്, റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

ശ്രീലങ്ക പ്ലെയിങ് ഇലവന്‍

പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുശാല്‍ പെരേര, ചരിത് അസലങ്ക (ക്യാപ്റ്റന്‍), വാനിന്ദു ഹസരങ്ക, ദാസുന്‍ ഷണക, മഹീഷ് തീക്ഷണ, മതീശ പതിരാന, അസിത ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുശങ്ക.

 

Content highlight: India’s tour of Sri Lanka: 1st T20:  Fans slams Rishabh Pant