| Sunday, 10th November 2024, 7:49 am

ഹാട്രിക് സെഞ്ച്വറി ലക്ഷ്യമിട്ട് സഞ്ജു ഇന്നിറങ്ങുന്നു; ചരിത്രം പിറക്കുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടി-20ക്ക് കളമൊരുങ്ങുകയാണ്. നാല് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിന് സെന്റ് ജോര്‍ജ്‌സ് ഓവലാണ് വേദിയാകുന്നത്. ആദ്യ മത്സരം വിജയിച്ച ഇന്ത്യ രണ്ടാം മത്സരവും വിജയിച്ച് പരമ്പരയില്‍ ആധിപത്യമുറപ്പിക്കാനാണ് ശ്രമിക്കുന്നത്.

കിങ്‌സ്മീഡില്‍ നടന്ന ആദ്യ മത്സരത്തില്‍ 61 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 141ന് പുറത്തായി.

സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ആദ്യ മത്സരം വിജയിച്ചുകയറിയത്. ഒപ്പം വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ് എന്നിവരുടെ മികച്ച ബൗളിങ് പ്രകടനവും ഇന്ത്യക്ക് തുണയായി.

50 പന്തില്‍ 107 റണ്‍സ് നേടിയാണ് സഞ്ജു സാംസണ്‍ പുറത്തായത്. ഏഴ് ഫോറും പത്ത് സിക്‌സറും അടക്കം 214.00 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ പ്രകടനം.

തുടര്‍ച്ചയായ രണ്ടാം ടി-20 മത്സരത്തിലാണ് സഞ്ജു സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. നേരത്തെ ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടി-20യിലാണ് സഞ്ജു ഇതിന് മുമ്പ് സെഞ്ച്വറി നേടിയത്. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 47 പന്തില്‍ 111 റണ്‍സ് നേടിയാണ് സഞ്ജു പുറത്തായത്.

ടി-20യില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍, ടി-20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ രണ്ടാമത് സെഞ്ച്വറി തുടങ്ങി നിരവധി റെക്കോഡുകളും കരിയറിലെ ആദ്യ അന്താരാഷ്ട്ര ടി-20 സെഞ്ച്വറിക്ക് പിന്നാലെ സഞ്ജു നേടി.

ശേഷം സൗത്ത് ആഫ്രിക്കന്‍ മണ്ണിലും നൂറടിച്ചതോടെ തുടര്‍ച്ചയായ അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം, നാലാമത് താരം, എവേ കണ്ടീഷനില്‍ ടി-20 സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍, ഇന്ത്യക്കായി ടി-20 ഫോര്‍മാറ്റില്‍ മള്‍ട്ടിപ്പിള്‍ സെഞ്ച്വറി നേടുന്ന നാലാമത് താരം തുടങ്ങി എണ്ണമറ്റ റെക്കോഡുകളും സഞ്ജു തന്റെ പേരിന് നേരെ കുറിച്ചു.

ഇപ്പോള്‍ സെന്റ് ജോര്‍ജ്‌സ് ഓവലില്‍ ഇന്ത്യ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ആരാധകര്‍ ഏറ്റവുമധികം പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നതും സഞ്ജുവില്‍ തന്നെയാണ്. താരത്തിന്റെ അറ്റാക്കിങ് അപ്രോച്ചും സ്വന്തം നേട്ടങ്ങളേക്കാള്‍ ടീമിന് വേണ്ട് സ്‌കോര്‍ ചെയ്യണമെന്ന മനോഭാവവുമാണ് ആരാധകര്‍ക്കിടയില്‍ താരത്തെ കൂടുതല്‍ പ്രിയങ്കരനാക്കിയത്.

രണ്ടാം മത്സരത്തിലും സഞ്ജു മാജിക്കിന് തന്നെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സെന്റ് ജോര്‍ജ്‌സ് ഓവലിലും സെഞ്ച്വറി നേടി ചരിത്ര ഹാട്രിക് സാംസണ്‍ സ്വന്തമാക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഇന്ത്യ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയി, അര്‍ഷ്ദീപ് സിങ്, വൈശാഖ് വിജയ്കുമാര്‍, ആവേശ് ഖാന്‍, യാഷ് ദയാല്‍.

സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ഒട്നീല്‍ ബാര്‍ട്മാന്‍, ജെറാള്‍ഡ് കോട്സി, ഡോണാവന്‍ ഫെരേര, റീസ ഹെന്‍ഡ്രിക്സ്, മാര്‍കോ യാന്‍സെന്‍, ഹെന്റിക് ക്ലാസന്‍, പാട്രിക് ക്രൂഗര്‍, കേശവ് മഹാരാജ്, ഡേവിഡ് മില്ലര്‍, മിഹ്‌ലാലി എംപോങ്വാന, എന്‍ഖാബ പീറ്റര്‍, റയാന്‍ റിക്കല്‍ട്ടണ്‍, ആന്‍ഡില്‍ സിമെലെന്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ്, ലൂതോ സിപാംല (മൂന്ന്, നാല് ടി-20കള്‍)

Content highlight: India’s tour of South Africa

We use cookies to give you the best possible experience. Learn more