എണ്ണിത്തുടങ്ങിക്കോളൂ, ഇനി നൂറ് ദിവസം മാത്രം; ഹാട്രിക്കടിക്കാന്‍ ഇന്ത്യ, ബോക്‌സിങ് ഡേ മെല്‍ബണില്‍
Sports News
എണ്ണിത്തുടങ്ങിക്കോളൂ, ഇനി നൂറ് ദിവസം മാത്രം; ഹാട്രിക്കടിക്കാന്‍ ഇന്ത്യ, ബോക്‌സിങ് ഡേ മെല്‍ബണില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th August 2024, 8:27 pm

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഇനി നൂറ് ദിവസങ്ങളുടെ കാത്തിരിപ്പ്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച റൈവല്‍റികളിലൊന്നായ ഇന്ത്യ – ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ പുതിയ എഡിഷന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നവംബര്‍ 22നാണ് പരമ്പര ആരംഭിക്കുന്നത്.

ഇത്തവണ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ഇന്ത്യ ഓസ്‌ട്രേലിയന്‍ മണ്ണിലെത്തുന്നത്. ഇതിന് മുമ്പ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയത് 2020-21ലാണ്. അന്ന് നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. തൊട്ടുമുമ്പ് നടന്ന 2018-1ലും ഇന്ത്യ ഇതേ മാര്‍ജിനില്‍ വിജയിച്ചിരുന്നു.

 

ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര വിജയത്തിനാണ് ഇന്ത്യ ഓസ്‌ട്രേലിയന്‍ മണ്ണിലേക്കെത്തുന്നത്.

2016-17 സീസണ്‍ മുതല്‍ ഇന്ത്യയാണ് പരമ്പര വിജയികള്‍. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനമായാലും ഓസ്‌ട്രേലിയുടെ ഇന്ത്യന്‍ പര്യടനമായാലും കഴിഞ്ഞ നാല് തവണയും കങ്കാരുക്കള്‍ തോല്‍വിയുടെ കയ്പുനീര്‍ കുടിച്ചിരുന്നു. ഓസീസിനെതിരെ തുടര്‍ച്ചയായ അഞ്ചാം പരമ്പര വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

കാലങ്ങള്‍ക്ക് ശേഷമാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്നത്.

പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുക. നവംബര്‍ 22 മുതല്‍ 26 വരെയാണ് മത്സരം.

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്‌ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്‌ബെയ്ന്‍.

നാലാം ടെസ്റ്റ് / ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്.

 

ട്രോഫി നിലനിര്‍ത്താന്‍ ഇന്ത്യയിറങ്ങുമ്പോള്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനാണ് കങ്കാരുക്കള്‍ ശ്രമിക്കുന്നത്.

ബി.ജി.ടിക്ക് മുമ്പ് ഇന്ത്യ രണ്ട് ടെസ്റ്റ് പരമ്പരകള്‍ കളിക്കും. ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനവും ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനവുമാണ് ഇന്ത്യയുടെ ടെസ്റ്റ് കലണ്ടറില്‍ അടുത്തതായുള്ളത്.

ഇതില്‍ ബംഗ്ലാദേശിനെതിരായ പരമ്പരയാണ് ആദ്യം. സ്വന്തം മണ്ണില്‍ രണ്ട് ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുക. സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ നടക്കുന്ന ആദ്യ ടെസ്റ്റിന് ചെപ്പോക്കാണ് വേദിയാകുന്നത്. ഗ്രീന്‍ പാര്‍ക്കിലാണ് പരമ്പരയിലെ രണ്ടാം മത്സരം. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് രണ്ടാം ടെസ്റ്റ്.

ബംഗ്ലാദേശിനെതിരെ നടക്കുന്ന ടി-20 പരമ്പരക്ക് ശേഷമാണ് ന്യൂസിലാന്‍ഡുമായി ഇന്ത്യ ടെസ്റ്റിനിറങ്ങുക. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റിനാണ് കിവികള്‍ ഇന്ത്യയിലേക്ക് ‘പറന്നെത്തുന്നത്’.

ഒക്ടോബര്‍ 16 മുതല്‍ 20 വരെ ചിന്നസ്വാമിയിലാണ് പരമ്പരയിലെ ആദ്യ മത്സരം. ഒക്ടോബര്‍ 24ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയവും നവംബര്‍ ഒന്നിന് തുടങ്ങുന്ന പരമ്പരയിലെ അവസാന ടെസ്റ്റിന് വാംഖഡെയുമാണ് വേദിയാകുന്നത്.

അതേസമയം, ബി.ജി.ടിക്ക് മുമ്പായി ഓസ്‌ട്രേലിയക്ക് ഒറ്റ ടെസ്റ്റ് പോലും കളിക്കാനില്ല. വിവിധ ടീമുകള്‍ക്കെതിരെ ഏകദിന, ടി-20 പരമ്പരകളാണ് ഓസ്‌ട്രേലിയ കളിക്കുക.

 

Content Highlight: India’s Tour of Australia: The first test is on November 22